മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിന് രണ്ടു മണിക്കൂർ മുമ്പുവരെ ബേക്കറി പ്രവർത്തിച്ചു
കട്ടപ്പന/ തൊടുപുഴ: 17 ദിവസത്തെ ആശ്വാസത്തിന് വിട, അങ്ങനെ പെട്ടെന്നൊന്നും ഒഴിഞ്ഞു പോകില്ലെന്ന സൂചന നൽകി മഹാമാരി വീണ്ടും ജില്ലയെ പിടികൂടി. പുറ്റടിയിൽ ബേക്കറി നടത്തുന്ന നെടുങ്കണ്ടം കരുണാപുരം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. കൂടുതൽ പേരുമായി സമ്പർക്കം പുലർത്തുന്നവരിൽ നടത്തുന്ന ടെസ്റ്റായ സെന്റിനൽ സർവൈലസൻസിലൂടെയാണ് ഇയാൾക്ക് രോഗം സ്ഥിരീകരിച്ചത്. ഇയാളുടെ ബേക്കറി മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിനു രണ്ടു മണിക്കൂർ മുമ്പുവരെ തുറന്നു പ്രവർത്തിച്ചിരുന്നു. ഇയാളെ പിന്നീട് തൊടുപുഴ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്നു.
തമിഴ്‌നാട്ടിൽ നിന്നു ചരക്കുലോറിയുമായി എത്തിയ ഡ്രൈവർമാരിൽ നിന്നു രോഗം പകർന്നതാകാമെന്നാണ് നിഗമനം. നേരത്തെ പുറ്റടിയിൽ രോഗം സ്ഥിരീകരിച്ചയാളുമായി ഇദ്ദേഹത്തിന് സമ്പർക്കമുണ്ടായിട്ടില്ല. ഇവിടെ നിന്നാകാം രോഗം പകർന്നതെന്നാണ് അധികൃതർ കരുതുന്നത്. കൂടാതെ കടയിലെത്തിയ ഒട്ടേറെ പേരുമായി ഇയാൾ അടുത്തിടപഴകിയിട്ടുണ്ട്. അതിനാൽ സമ്പർക്കത്തിലുണ്ടായിരുന്നവരെ കണ്ടെത്തുന്നതിനായി ആരോഗ്യവകുപ്പ് നടപടികൾ തുടങ്ങി. ബേക്കറിയിൽ മുഖാവരണം ധരിക്കാതെ എത്തിയവരെയും അഞ്ചു മിനിറ്റിലധികം ഇവിടെ ചെലവഴിച്ചവരുടെയും പട്ടിക തയാറാക്കൽ ആരംഭിച്ചിട്ടുണ്ട്. ഇവരെ വീടുകളിൽ നിരീക്ഷണത്തിലാക്കും. ഇദ്ദേഹവുമായി അടുത്തിടപഴകിയ കുടുംബാംഗങ്ങളെയടക്കം വീട്ടിൽ നിരീക്ഷണത്തിലാക്കി.
സോണുകൾ
മാറിമറിഞ്ഞ്
കൂടുതൽ ഇളവുകൾ ലഭിക്കുമെന്ന പ്രതീക്ഷകൾക്കിടയിലാണ് ജില്ലയിൽ വീണ്ടും രോഗമെത്തിയത്. എന്നാൽ പുതിയ രോഗിയെ കണ്ടെത്തിയതോടെ അതെല്ലാം അസ്ഥാനത്തായി. റെഡ് സോണിലായിരുന്ന ജില്ല ഓറഞ്ച് സോണിലായ ശേഷം ഒട്ടേറെ ഇളവുകളാണ് ലഭിച്ചത്. എന്നാൽ ഇത് മുതലെടുത്ത് ആളുകൾ കൂട്ടം കൂടുന്നുണ്ട്. പലയിടത്തും സാമൂഹിക അകലം പാലിക്കുന്നില്ലെന്ന പരാതികളുണ്ട്. പഴയതുപോലെ കൈകഴുകാനും സാനിറ്റൈസർ ഉപയോഗിക്കാനും ആളുകൾക്ക് മടിയുണ്ട്. മാസ്ക് ധരിക്കാതെയും ആളുകൾ പുറത്തിറങ്ങുന്നുണ്ട്. ഈ രീതി തുടർന്നാൽ വയനാടിന് സമാനമായി ജില്ലയിലും വീണ്ടും രോഗം പടരാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. പുറ്റടി ടൗൺ ഉൾപ്പെടുന്ന പ്രദേശം വണ്ടൻമേട് പഞ്ചായത്തിലെ മൂന്നു വാർഡുകളുടെ അതിർത്തിയാണ്. ഇന്നലെ വരെ പഞ്ചായത്തിലെ രണ്ട് വാർഡുകളാണ് ഹോട്ട് സ്‌പോട്ടുകളായിരുന്നത്. ഇതിനാൽ ഹോട്ട് സ്‌പോട്ടുകളല്ലാത്ത വാർഡുകളിൽ ഉൾപ്പെടുന്ന പുറ്റടി ടൗണിന്റെ മറ്റു പ്രദേശങ്ങളിലെ കടകൾ ഇളവുകളോടെ തുറന്നു പ്രവർത്തിച്ചിരുന്നു.
17 ദിവസത്തെ സ്വസ്ഥത
ജില്ലയിൽ ഏറ്റവും അവസാനം രോഗം സ്ഥിരീകരിച്ചത് ഏപ്രിൽ 27നായിരുന്നു. 17 ദിവസത്തിനു ശേഷമാണ് വീണ്ടും ഒരു രോഗി കൂടി എത്തുന്നത്. മേയ് ഒമ്പതിനാണ് അവസാന രോഗി ആശുപത്രി വിട്ടത്. ജില്ലയിൽ ഇതുവരെ 25 പേർക്കാണ് ആകെ രോഗം സ്ഥിരീകരിച്ചത്.
സെന്റിനൽ സർവൈലസൻസ് എന്നാൽ
സമൂഹത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരെ ഏഴായി തിരിച്ച് നടത്തുന്ന ടെസ്റ്റാണ് സെന്റിനൽ സർവൈലൻസ്. ശ്വാസകോശ രോഗമുള്ളവർ, അന്യസംസ്ഥാന തൊഴിലാളികൾ, ട്രക്ക് ഡ്രൈവർമാർ അങ്ങനെ വിവിധ തരത്തിലുള്ളവർ. ഇതിൽ സാമൂഹ്യസമ്പർക്കം കൂടുതലുള്ളയാളുകളെ പരിശോധിച്ചപ്പോഴാണ് ബേക്കറിയുടമയ്ക്ക് രോഗം സ്ഥിരീകരിച്ചത്. രണ്ടാംഘട്ട സെന്റിനൽ സർവൈലസൻസായിരുന്നു ഇത്. ആദ്യഘട്ടത്തിൽ 30 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. രണ്ടാംഘട്ടത്തിൽ 10 പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചത്.