ഇടുക്കി: യാതൊരു തരത്തിലുള്ള മുൻകരുതലുമെടുക്കാതെ പരീക്ഷ തിയതികൾ പ്രഖ്യാപിച്ചതിലൂടെ വിദ്യാർത്ഥികളിൽ ഭീതി ജനിപ്പിക്കുവാൻ മാത്രമെ സാധിച്ചിട്ടുള്ളുയെന്ന് കെ.എസ്.യു ജില്ലാ കമ്മിറ്റി ആരോപിച്ചു. ഇനി നടക്കാനുള്ള എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളും സർവ്വകലാശാല ബിരുദ പരീക്ഷകളും പുനരാരംഭിക്കാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിൽ വിദ്യാർത്ഥികളിൽ വിവിധ ആശങ്കകളാണ് നിലനിൽക്കുന്നത്. പൊതുഗതാഗതം പുനസ്ഥാപിക്കാത്ത സാഹചര്യത്തിൽ പരീക്ഷാ കേന്ദ്രത്തിലേക്ക് വിദ്യാർത്ഥികൾക്ക് എത്താനുള്ള യാത്രാ മാർഗങ്ങൾ, പരീക്ഷാ ക്രമീകരണങ്ങൾ, ഹോസ്റ്റൽ സൗകര്യങ്ങൾ, സുരക്ഷാ മാനദണ്ഡങ്ങൾഎന്നിവതെക്കുറിച്ച് ആശങ്കയുണ്ട്.. ആവശ്യമായ മേഖലകളിൽ വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രത്തിലെത്തുന്നതിന് യാത്രാ സൗകര്യം ഏർപ്പെടുത്തണം. അന്യ ജില്ലകളിലെ സ്‌കൂളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സ്വന്തം ജില്ലയിൽ തന്നെ പരീക്ഷയെഴുതാവുന്ന വിധം പരീക്ഷാ സെന്ററുകൾ ക്രമീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കാൻ വിദ്യഭ്യാസ വകുപ്പ് തയ്യാറാകണം. . യാതൊരു തരത്തിലുള്ള മുന്നൊരുക്കവും നടത്താതെ സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന പരീക്ഷ തിയതികൾ പിൻവലിച്ച് മുന്നൊരുക്കങ്ങൾ നടത്തി പരീക്ഷ നടത്താൻ സർക്കാർ തയ്യാറാകണമെന്നും കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ് ആവശ്യപ്പെട്ടു.