തൊടുപുഴ: ലോക്ക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി ചെരുപ്പുകട അടയ്പ്പിക്കാനെത്തിയ തൊടുപുഴ സി.ഐ അതേ കടയിൽ നിന്ന് തന്നെ ചെരുപ്പ് വാങ്ങി. ഈ സമയമെത്തിയ മറ്റ് ഉപഭോക്താക്കളെ കടയിലേക്ക് പ്രവേശിപ്പിച്ചുമില്ല. ഇന്നലെ വൈകിട്ട് 3.30ന് കാഡ്സിന് എതിർവശത്തെ ചെരുപ്പ് കടയിലായിരുന്നു സംഭവം. ജില്ലയിൽ ഇളവുകൾ അനുവദിച്ചിട്ടുള്ള സ്ഥാപനങ്ങളിൽ ചെരുപ്പ് കടകൾ ഉൾപ്പെടാത്തതിനാലാണ് കളക്ടറുടെ നിർദേശപ്രകാരം പൊലീസ് ഇവ അടപ്പിക്കാൻ ഇറങ്ങിയത്. ഇതിനിടെയാണ് തൊടുപുഴ സി.ഐ സുധീർ മനോഹറിന് ചെരുപ്പ് വാങ്ങാൻ മോഹമുദിച്ചത്. സി.ഐ കടയിൽ കയറി ചെരുപ്പ് നോക്കുന്നതിനിടെ രണ്ട് എക്സൈസ് ഉദ്യോഗസ്ഥരും യൂണിഫോമിലെത്തി ചെരുപ്പ് വാങ്ങി. അതേസമയം ചെരുപ്പ് വാങ്ങാനെത്തിയ ഒരു പെൺകുട്ടിയെ കടയ്ക്കകത്തേക്ക് കയറ്റിവിട്ടില്ല . സി.ഐ ചെരുപ്പ് വാങ്ങി മടങ്ങിയതിന് പിന്നാലെ കട അടയ്ക്കുകയു ചെയ്തു. കഴിഞ്ഞ ദിവസം കട്ടപ്പനയിലും ചെരുപ്പുകടകൾ പൊലീസ് അടപ്പിച്ചിരുന്നു. അളവുനോക്കി തിരഞ്ഞെടുക്കേണ്ടതിനാൽ ഒരേ പാദരക്ഷകൾ തന്നെ പലരും ഉപയോഗിച്ചു നോക്കുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാലാണ് ചെരുപ്പുകടകൾക്ക് അനുമതി നൽകാത്തത്. മൂന്നാംഘട്ട ലോക്ക് ഡൗൺ ആരംഭിച്ചശേഷം നഗരത്തിലെ മിക്ക ചെരുപ്പ് കടകളും തുറന്നു പ്രവർത്തിച്ചിരുന്നു.