ചെറുതോണി: 19 കോടി രൂപയുടെ ബൈപ്പാസ് റോഡ് അനുവദിച്ച് നാലു വർഷം പിന്നിട്ടിട്ടും നിർമ്മാണം ആരംഭിച്ചില്ല. സംസ്ഥാന സർക്കാർ 2016- 17 ബഡ്ജറ്റ് പ്രസംഗത്തിലാണ് ചെറുതോണി- താന്നിക്കണ്ടം വാഴത്തോപ്പ് വഴി മരിയാപുരത്തിന് ബൈപ്പാസ് റോഡ് അനുവദിച്ചത്. 17 കിലോമീറ്റർ ദൂരം വരുന്ന റോഡ് ചെറുതോണി തീയേറ്റർ ജംഗ്ഷനിൽ നിന്നുമാണ് ആരംഭിക്കുന്നത്. ഇതിൽ മാറാപിള്ളി കവല മുതൽ ഞാവൽ ചുവട് വരെയുള്ള റോഡ് പൂർണമായും തകർന്നു കിടക്കുകയാണ്. താന്നിക്കണ്ടം പള്ളിയും സിറ്റിയും ഉൾപ്പെടുന്ന ഭാഗം ഒമ്പതാം വർഡിലാണ്. ഇവിടെ കാൽ നടയാത്ര പോലും സാധ്യമല്ല. മരിയാപുരം പഞ്ചായത്ത് റോഡിന് വേണ്ടി സ്ഥലം സറണ്ടർ ചെയ്തു നൽകി. എന്നാൽ വാഴത്തോപ്പ് പഞ്ചായത്ത് സ്ഥലം സറണ്ടർ ചെയ്യാത്തത് രാഷ്ട്രീയ ഇടപെടലാണെന്ന് ആരോപണമുണ്ട്. സ്ഥലത്തെ ചില നേതാക്കൻമാരുടെ സ്ഥലം നഷ്ടപെടുന്നത് ഒഴിവാക്കാനാണ് പ്രദേശത്തിന്റെ ആകെ വികസനത്തിന് തുരങ്കം വയ്ക്കുന്നത്. ഈ സാഹചര്യത്തിൽ റോഡ് ടാർ ചെയ്യാനെങ്കിലും നടപടി വേണമെന്ന് നാട്ടുകാർ പറയുന്നു. നിരവധി സ്‌കൂൾ വാഹനങ്ങളാണ് ഇത് വഴി സർവ്വീസ് നടത്തുന്നത്. എന്നാൽ വാഴത്തോപ്പ് പഞ്ചായത്തിൽ ഏറ്റവും തകർന്ന് കിടക്കുന്ന റോഡും വികസന മുരടിപ്പുള്ള പ്രദേശവും താന്നിക്കണ്ടമാണ്. സംസ്ഥാന പാത നിർമ്മിച്ചില്ലെങ്കിലും റോഡ് ടാർ ചെയ്യണമെന്ന ആവശ്യമാണ് നാട്ടുകാർക്കുള്ളത്.