കട്ടപ്പന: പുറ്റടിയിലെ ബേക്കറി ഉടമയുമായി പ്രാഥമിക സമ്പർക്കം പുലർത്തിയവരുമായി ബന്ധപ്പെട്ടവരുടെ എണ്ണം അഞ്ഞൂറ് കടക്കുമെന്നാണ് കരുതുന്നത്. 12 പേരുടെ സ്രവം ഇന്നലെ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പട്ടികയിൽ ഉൾപ്പെട്ടവരുടെ സ്രവം തിങ്കളാഴ്ച മുതൽ അയച്ചുതുടങ്ങും. രോഗബാധിതൻ കരുണാപുരം പഞ്ചായത്തിലെ ചേറ്റുകുഴിയിലാണ് താമസിക്കുന്നതെങ്കിലും വണ്ടൻമേട് പഞ്ചായത്തിലെ പുറ്റടി ടൗണിലാണ് ബേക്കറി നടത്തുന്നത്. അതിനാൽ രണ്ടു പഞ്ചായത്തുകളിലെയും സമ്പർക്ക പട്ടിക തയാറാക്കുകയെന്ന ശ്രമകരമായ ജോലിയാണ് ആരോഗ്യ വകുപ്പിനുള്ളത്. കടയിലെത്തി അടുത്ത സമ്പർക്കം പുലർത്തിയവർ സ്വമേധയ മുന്നോട്ടുവന്നെങ്കിൽ മാത്രമേ പട്ടിക പൂർത്തീകരിക്കാനാകൂ.

പുറ്റടി ടൗൺ പൂട്ടി

ബേക്കറി ഉടമയ്ക്ക് രോഗം സ്ഥിരീകരിച്ചതോടെ ഇന്നലെ പുറ്റടി ടൗണിലെ മുഴുവൻ സ്ഥാപനങ്ങളും പൊലീസ് അടപ്പിച്ചു. പ്രധാന പാതകളിലടക്കം കയർ കെട്ടി തിരിച്ചിരിക്കുകയാണ്. അവശ്യ സർവീസുകൾ മാത്രമാണ് കടത്തിവിടുന്നത്. തുടർന്ന് വണ്ടൻമേട് പഞ്ചായത്തിലുടനീളം അനൗൺസ്‌മെന്റും നടത്തി.