marykulam

കട്ടപ്പന: കനത്ത വേനൽമഴയിലും കാറ്റിലും അയ്യപ്പൻകോവിൽ പഞ്ചായത്തിൽ വ്യാപക നാശനഷ്ടം. വീശിയടിച്ച കാറ്റിൽ ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് സംഭവിച്ചത്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞുണ്ടായ മഴയിലും കാറ്റിലും മേരികുളം ചേമ്പളം ഭാഗത്താണ് കൂടുതൽ നാശനഷ്ടമുണ്ടായത്. മേരികുളം ചേമ്പളം കുമ്മണ്ണൂർ റോയിച്ചൻ, ചെമ്പകശേരിൽ മാത്യു, വരിക്കാനിക്കൽ ചാക്കോച്ചൻ, കൂനംപാറ രാരിച്ചൻ, കൂനംപാറ നിക്കച്ചൻ, മുള്ളൻമുക്കൽ സിബി, പനമൂട്ടിൽ ചന്ദ്രൻ, നെടുമടത്ത് വടക്കേതിൽ രാധാകൃഷ്ണൻ, മുളങ്ങാട്ടിൽ ജോണി എന്നിവരുടെ പുരയിടത്തിലെ ഏലച്ചെടികൾ നശിച്ചു. മരം കടപുഴകി വീണ് തേക്കുംകുന്നേൽ ചന്ദ്രന്റെ വീടിന്റെ മേൽക്കൂര തകർന്നു. കൂനൻപാറയിൽ കുട്ടിയച്ചന്റെ കാർഷിക ഉപകരണങ്ങൾ സൂക്ഷിക്കുന്ന ഷെഡ്ഡും മോട്ടർ പുരയും തകർന്നു. ഇദ്ദേഹത്തിന്റെ പുരയിടത്തിലെ ജാതി മരങ്ങളും ഒടിഞ്ഞുവീണു. മേരികുളം സെന്റ് ജോർജ് പള്ളിയുടെ സ്ഥലത്തെ റബർ മരം ഒടിഞ്ഞുവീണ് റബർ ഷീറ്റ് പുര തകർന്നു. മേരികുളം ഡോർലാന്റിലെ 15 ഏക്കറോളം സ്ഥലത്തെ ഏലച്ചെടികൾ നശിച്ചു. കട്ടപ്പന ഞാവള്ളിക്കുന്നേൽ ജോയി, വെള്ളാരംകുന്ന് അയ്യാമല ജോസഫ് എന്നിവരുടെയടക്കം ഏലത്തോട്ടത്തിലാണ് കൃഷിനാശമുണ്ടായത്. സമീപത്തെ മറ്റൊരു തോട്ടത്തിലെ ആറു ഏക്കറോളം ഏലച്ചെടികളും നാമാവശേഷമായി. മരം ഒടിഞ്ഞുവീണ് പരപ്പ് കിന്തനാനിക്കൽ സതി ജോഷി കൈയും കാലും ഒടിഞ്ഞു. ഇവരെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


മിന്നലിലേറ്റ് വീടിനു കേടുപാട്

വേനൽമഴയ്‌ക്കൊപ്പമുണ്ടായ മിന്നലേറ്റ് ഇരട്ടയാർ ചെമ്പകപ്പാറ മാടക്കാട്ട് ടോമിച്ചൻ ജോസഫിന്റെ വീടിനു കേടുപാട് സംഭവിച്ചു. ഇലക്‌ട്രോണിക് ഉപകരണങ്ങളടക്കം കത്തിനശിച്ചു. മിന്നലുണ്ടായ സമയത്ത് ടോമിച്ചനും ഭാര്യയും മകനും വീടിനുള്ളിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. മിന്നലിന്റെ ആഘാതത്തിൽ ഭിത്തികളിൽ വിള്ളൽ വീണു. ടി.വി, ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയും വീടിനുള്ളിലെ വയറിംഗും മെയിൻ സ്വിച്ചും ഉൾപ്പെടെ പൂർണമായും കത്തിനശിച്ചു. ഒന്നര ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു.