 അദ്ധ്യാപകന്റെ പേരിൽ സുഹൃത്തുക്കൾക്ക് ജി മെയിൽ അയച്ച് തട്ടിപ്പിന് ശ്രമം

തൊടുപുഴ: കൊവിഡ് കാലത്ത് ഓൺലൈൻ തട്ടിപ്പും വ്യാപകമാകുന്നു. കോളേജ് അദ്ധ്യാപകന്റെ വ്യാജ ജിമെയിൽ ഐഡിയിൽ നിന്ന് മെയിൽ അയച്ച് സുഹൃത്തുക്കളുടെ പണം തട്ടാനാണ് ശ്രമം നടന്നത്. ജാഗ്രത പാലിച്ചതിനാൽ ഭാഗ്യവശാൽ ആരുടെയും പണം നഷ്ടമായില്ല. കല്ലൂർക്കാട് സ്വദേശിയായ വി.എസ്. റെജിയുടെ പേരിലായിരുന്നു തട്ടിപ്പിന് ശ്രമിച്ചത്. നാട്ടിക ശ്രീനാരായണ കോളേജിലെ മലയാളം വിഭാഗം തലവനായ റെജിയുടെ ജിമെയിൽ ഐഡിക്ക് സമാനമായ ഐഡിയിൽ നിന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് മെയിൽ ലഭിക്കുകയായിരുന്നു. 'നിങ്ങൾക്ക് സമയം കിട്ടുമ്പോൾ എനിക്ക് തിരിച്ച് ഒരു മെയിൽ അയക്കാമോ" എന്നാണ് എല്ലാവർക്കും ലഭിച്ച ആദ്യ മെയിൽ. ഇതിനോട് പ്രതികരിക്കുന്നവർക്ക് അപ്പോൾ തന്നെ മറ്റൊരു മെയിൽ കിട്ടും. അതിന്റ ചുരുക്കമിങ്ങനെ- 'ഞാൻ ബന്ധുവിനൊപ്പം ഒരു ആശുപത്രിയിൽ കുടുങ്ങിയിരിക്കുകയാണ്. അതുകൊണ്ട് എനിക്ക് വേണ്ടി ആമസോണിൽ നിന്ന് കുറച്ച് ഗിഫ്‌റ്റ് കാർഡ് വാങ്ങി തരാൻ കഴിയുമോ. ഞാൻ അതിന്റെ പണം പിന്നീട് തിരികെ നൽകാം. വാങ്ങാൻ കഴിയുമെങ്കിൽ എനിക്ക് മറുപടി തന്നാൽ കൂടുതൽ വിവരങ്ങൾ അയച്ച് തരാം". ഇത്തരത്തിൽ 14ന് വൈകിട്ടോടെ അദ്ധ്യാപകന്റെ ഒമ്പതോളം സ്ത്രീകളടക്കമുള്ള സുഹൃത്തുക്കൾക്കാണ് മെയിൽ കിട്ടിയത്. ഇവരിൽ ചിലർ സുഹൃത്തുക്കളാണെങ്കിലും റെജി ഇതിന് മുമ്പ് അവർക്ക് മെയിൽ അയച്ചിട്ടുണ്ടായിരുന്നില്ല. ആദ്യ മെയിലിന് പലരും മറുപടി നൽകി. എന്നാൽ രണ്ടാമത്തെ മെയിൽ കിട്ടിയപ്പോൾ സംശയം തോന്നി സുഹൃത്തുക്കൾ അദ്ധ്യാപകനെ വിളിച്ചു. അപ്പോഴാണ് തട്ടിപ്പ് ബോദ്ധ്യമായത്. തുടർന്ന് റെജി കല്ലൂർക്കാട് പൊലീസിൽ പരാതി നൽകുകയായിരുന്നു.

'ഇത്തരത്തിൽ നിരവധി പരാതികൾ ലഭിക്കുന്നുണ്ട്. അദ്ധ്യാപകന്റെ പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട് "

-കല്ലൂർക്കാട് സി.ഐ

ലിങ്ക് തുറന്നാൽ പണി

ഹാക്കർ മൂന്നാമത് അയക്കുന്ന മെയിലിലെ ലിങ്കോ ഫയലോ തുറന്നാൽ പണി കിട്ടും. മെയിലിലുള്ള നിങ്ങളുടെ വിവരങ്ങളടക്കം അവർക്ക് സ്വന്തമാകും. ഇത്തരം ലിങ്കുകൾ തുറക്കാതിരിക്കുക എന്നതാണ് ശ്രദ്ധിക്കേണ്ടത്. അറിയുന്നവരിൽ നിന്നാണ് മെയിൽ ലഭിച്ചതെങ്കിൽ അവർ തന്നെയാണോ അയച്ചതെന്ന് ഉറപ്പുവരുത്തുക.

അറിയാതെ ക്ലിക്ക് ചെയ്താൽ

ഇത്തരം മെയിലുകളിലെ ലിങ്കുകളിൽ അറിയാതെ ക്ലിക്ക് ചെയ്താൽ ഗൂഗിൾ 'മൈ അക്കൗണ്ട് പേജി"ലെ 'ആപ്പ് പെർമിഷൻസ്" എടുക്കുക. എന്നിട്ട് അപകടകരം എന്ന് തോന്നുന്ന മെയിലുകൾക്കുള്ള പെർമിഷൻ റദ്ദു ചെയ്യുക. ഇങ്ങനെ ചെയ്താൽ ഇത്തരം മെയിലുകളിൽ നിന്നുള്ള ഇടപെടലുകൾ തടയാം.