കട്ടപ്പന: ടെൻഡർ നടത്തിപ്പിലെ രേഖകളിൽ കൃത്രിമത്വം നടത്തി ലക്ഷങ്ങൾ തട്ടിയെടുത്തതായി കണ്ടെത്തിയതോടെ വണ്ടൻമേട് പഞ്ചായത്ത് മുൻ പ്രസിഡന്റ് കൂടിയായ ഗവ. കരാറുകാരൻ ജോർജ് ഉതുപ്പിനെ പഞ്ചായത്ത് കമ്മിറ്റി കരിമ്പട്ടികയിൽ ഉൾപ്പെടുത്തി. പഞ്ചായത്തുകളിൽ നടത്തിവരുന്ന പെർഫോമൻസ് ഓഡിറ്റിംഗിന്റെ ഭാഗമായി ഉദ്യോഗസ്ഥർ ഫെബ്രുവരിയിൽ നടത്തിയ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്. ടെൻഡറുകൾ സ്വീകരിക്കാൻ നൽകുന്ന അപേക്ഷാഫോമിന്റെ വിവരങ്ങൾ ഉൾപ്പെട്ട രസീത് ബുക്ക് പഞ്ചായത്തിലെ എൽ.എസ്.ജി.ഡി സെക്ഷൻ ഓഫീസിൽ നിന്നു മാറ്റി മറ്റൊരു ബുക്ക് വച്ചതായി കണ്ടെത്തിയിരുന്നു. ഇതേ വിഭാഗത്തിൽ ദിവസവേതനത്തിനു ജോലി ചെയ്തിരുന്ന ബിന്ദു പ്രദീപിന്റെ വീട്ടിൽ നിന്നു രസീത് ബുക്കിന്റെ അസൽ പകർപ്പും കണ്ടെത്തി. ജോർജ് ഉതുപ്പിന്റെ നിർദേശപ്രകാരമാണ് തിരിമറി നടത്തിയതെന്നു ഇവർ മൊഴി നൽകിയിരുന്നു. തുടർന്ന് ഇവരെ ജോലിയിൽ നിന്നു പിരിച്ചുവിട്ടു. കൂടാതെ വണ്ടൻമേട് പഞ്ചായത്തിലെ എ.കെ.ജി നഗർചുടുകാട് റോഡ് കോൺക്രീറ്റ് ചെയ്യാതെ അസിസ്റ്റന്റ് എൻജിനീയറുടെ ഒത്താശയോടെ ബിൽ തയാറാക്കി ജോർജ് ഉതുപ്പ് നാലു ലക്ഷത്തോളം രൂപ തട്ടിയതായും പഞ്ചായത്ത് കമ്മിറ്റി കണ്ടെത്തി. പുറ്റടി ദേവിവിലാസം കെ.കെ സജീവ് കുമാർ, രാജാക്കണ്ടം വെള്ളരിക്കൽ പൗലോസ് എബ്രഹാം എന്നിവരാണ് ക്രമക്കേട് സംബന്ധിച്ച് പരാതി നൽകിയത്.


'ഗ്രൂപ്പ് കളിയുടെ പേരിൽ അപമാനിക്കാൻ ശ്രമം'

'' കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് വഴക്കിന്റെ പേരിൽ വ്യക്തിപരമായി അപമാനിക്കാനുള്ള നീക്കമാണിത്. കരിമ്പട്ടികയിൽ ഉൾപ്പെടുത്താൻ പഞ്ചായത്തിനു അധികാരമില്ല. പി.ഡബ്ല്യു.ഡിക്ക് മാത്രമാണ് ഇതിന് അധികാരം. വിശദീകരണം പോലും പഞ്ചായത്ത് ചോദിച്ചിട്ടില്ല. ഇതു സംബന്ധിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർക്ക് പരാതി നൽകിയിട്ടുണ്ട്. നേരത്തെ രസീത് ബുക്ക് മാറ്റിയതുമായി ബന്ധപ്പെട്ട് പഞ്ചായത്ത് സെക്രട്ടറി തനിക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ തെളിവുകളൊന്നുമില്ലാത്തതിനാൽ കേസെടുത്തിട്ടില്ല. കോൺഗ്രസ് വണ്ടൻമേട് മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്തതിനു പിന്നാലെയാണ് പഞ്ചായത്തിന്റെ അസാധാരണമായ നടപടി. മണ്ഡലം പ്രസിഡന്റ് സ്ഥാനം രാജിവച്ചാൽ നടപടിയിൽ നിന്നു ഒഴിവാക്കാമെന്നു ചിലർ സമ്മർദം ചെലുത്തിയിരുന്നു

-ജോർജ് ഉതുപ്പ്