dog
തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകുന്ന പ്രകാശൻ മേൽശാന്തി.

കട്ടപ്പന: കല്യാണത്തണ്ട് കൈലാസനാഥ ക്ഷേത്രത്തിലെത്തുന്ന ഭക്തർക്ക് പ്രകാശൻ വെറും മേൽശാന്തിയാണ്, ദൈവവും മനുഷ്യനും തമ്മിലുള്ള പാലം. എന്നാൽ പ്രദേശത്തെ നൂറുകണക്കിന് തെരുവ് നായ്ക്കൾക്ക് പ്രകാശൻ അന്നദാതാവാണ്. ലോക്ക് ഡൗണിൽ ഭക്ഷണശാലകൾക്കു പൂട്ടുവീണതോടെയാണ് പട്ടിണിയിലായ തെരുവുനായകൾക്ക് പ്രകാശൻ അന്നമൊരുക്കാൻ തുടങ്ങിയത്. ദിവസവും ഒരു ഡസനിലധികം നായകൾക്കാണ് ഇദ്ദേഹം ഭക്ഷണം നൽകിവരുന്നത്. നേരത്തെ നഗരത്തിലെ ഭക്ഷണശാലകളിൽ നിന്നു തള്ളുന്ന അവശിഷ്ടങ്ങളായിരുന്നു നായ്ക്കളുടെ ആശ്രയം. ഇതു നിലച്ചതോടെ ഇവറ്റകൾ ഭക്ഷണം തേടി നാടാകെ അലഞ്ഞു. ഇതിനിടെ ക്ഷേത്രപരിസരത്ത് നായ്ക്കൾ ചുറ്റിത്തിരിയുന്നത് ശ്രദ്ധയിൽപെട്ട പ്രകാശൻ ഭക്ഷണം നൽകാൻ തുടങ്ങി. രണ്ടുമാസമായി ഉച്ചയ്ക്ക് ഇദ്ദേഹം ഭക്ഷണം നൽകുന്നുണ്ട്. ക്ഷേത്രത്തിന്റെ ഊട്ടുപുരയിൽ എല്ലാദിവസവും നായ്ക്കൾക്കുള്ള ഭക്ഷണം തയ്യാറാക്കും. ഉച്ചയോടെ നായ്ക്കൾ തങ്ങളുടെ അന്നദാതാവിനെ തേടിയെത്തും. വയറുനിറഞ്ഞതിന്റെ സന്തോഷത്തിൽ സ്‌നേഹ പ്രകടനങ്ങൾ നടത്തി മടങ്ങും.