മുട്ടം: കൊവിഡും ലോക്ക് ഡൗണുമൊക്കെ മനുഷ്യന്മാ‌ർക്കല്ലേ, ഞങ്ങളെ അതൊന്നും ബാധിക്കില്ലെന്ന മട്ടിലാണ് ഇവിടെ ചില വാനരന്മാർ. മുട്ടത്തെ ജനവാസ മേഖലയിലാണ് പതിവില്ലാതെയുള്ള വാനരന്മാരുടെ കടന്നുകയറ്റം. ഇന്നലെ രാവിലെ അപ്രതീക്ഷിതമായി ചില വാനരന്മാർ മുട്ടം ഇടപ്പള്ളി മുണ്ടുപാലത്തിങ്കൽ ബിനോയിയുടെ വീട്ടിലെത്തി. ഏറെ നേരം ചുറ്റും കറങ്ങി നടന്നു. പിന്നീട് പ്രദേശ വാസികൾ ശബ്ദമുണ്ടാക്കി ഇല്ലിചാരി വനത്തിലേക്ക് കടത്തി വിട്ടു. ജനവാസ മേഖലകളിലേക്ക് എത്തുന്ന വാനര സംഘങ്ങൾ ചിലയവസരങ്ങളിൽ ജനത്തിന് ശല്യമാകുന്നുമുണ്ട്. മുട്ടം പഞ്ചായത്തിലെ പാമ്പനാനി, തോണിക്കുഴി, ഇല്ലിചാരി, കാട്ടൊലി എന്നിവിടങ്ങളിലെ വനത്തിൽ നിന്നാണ് ഇവറ്റകൾ കൂട്ടത്തോടെ ജനവാസ മേഖലകളിലേക്ക് എത്തുന്നത്. വീടുകളുടെ മുറ്റവും വരാന്തയും കടന്ന് ചിലപ്പോൾ അകത്ത് മുറികളിലേക്കും അടുക്കളയിലേക്കും ഇവ കടന്ന് വരാറുണ്ട്. ഭക്ഷണവും മറ്റും കൈയിലുണ്ടെങ്കിൽ തട്ടിപ്പറിക്കും. ചെറിയ കുട്ടികൾക്ക് നേരെ ചിലസമയം പാഞ്ഞടുക്കും. ആഴ്ചകൾക്ക് മുമ്പ് പഴയമറ്റം തോണിക്കുഴി ഭാഗത്ത് കൂട്ടത്തോടെ എത്തിയ കുരങ്ങന്മാർ കാർഷിക വിളകൾക്ക് ഏറെ നശിപ്പിച്ചു. വനം വകുപ്പ് അധികൃതർ പ്രശ്നത്തിൽ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.