 സ്‌പെഷ്യൽ ബ്രാഞ്ച് എ.ഡി.ജി.പിക്ക് റിപ്പോർട്ട് നൽകി

തൊടുപുഴ: ജില്ലയിൽ കൊവിഡ് നിയന്ത്രണങ്ങൾ ശക്തമായ മൂന്നാറിൽ സബ്‌കളക്ടറും ഡിവൈ.എസ്.പിയുൾപ്പടെയുള്ളവർ സാമൂഹ്യ അകലം പാലിക്കാതെ അനുമോദനയോഗം ചേർന്നത് വിവാദമാകുന്നു. യോഗത്തിൽ മുപ്പതിലേറെ ആളുകൾ പങ്കെടുത്തതായാണ് വിവരം. വെള്ളിയാഴ്ച വൈകിട്ട് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലായിരുന്നു യോഗം. തെരുവ് നായ്ക്കൾക്ക് ഭക്ഷണം നൽകിയവരെ ആദരിക്കുന്ന ചടങ്ങാണിത്. യോഗത്തിൽ സബ്‌കളക്ടർ പ്രേംകൃഷ്ണയുടെ പിറന്നാൾ ആഘോഷത്തോടനുബന്ധിച്ച് കേക്ക് മുറിക്കലും നടന്നത്രേ. മൂന്നാറിന്റെ ക്രമസമാധാന ചുതലയുള്ള ഡിവൈ.എസ്.പി രമേശ് കുമാറിന്റെ പങ്കാളിത്തത്തിലായിരുന്നു ചടങ്ങുകൾ. സംഭവം വിവാദമായതോടെ സ്‌പെഷ്യൽ ബ്രാഞ്ച് എ.ഡി.ജി.പിക്ക് ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകി. കൊവിഡ് രോഗ വ്യാപന ഭീതി ശക്തമായി നിലനിൽക്കുന്ന മൂന്നാറിൽ ജില്ലയിലെങ്ങുമില്ലാത്ത വിധമുള്ള കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. തോട്ടം തൊഴിലാളികൾ ജോലിക്ക് പോകാതിരിക്കുന്നതിന് വേണ്ടി ഓരോ എസ്റ്റേറ്റിന്റെയും പ്രധാന കവാടങ്ങൾ ഗേറ്റ് സ്ഥാപിച്ച് അടച്ചിരിക്കുകയാണ്. തൊഴിലാളികൾ ലയം വിട്ടിറങ്ങുന്നതിനും കർശന നിയന്ത്രണമുണ്ട്. ആളുകൾക്ക് മൂന്നാർ ടൗണിലെത്തി സാധനങ്ങൾ വാങ്ങുന്നതിന് പാസ് ഏർപ്പെടുത്തിയിരിക്കുകയാണ്. ആഴ്ചയിലൊന്നു മാത്രം പുറത്തിറങ്ങാനാണ് ഇത്തരത്തിൽ സാധാരണക്കാർക്ക് പാസ് നൽകുക. ആളുകളിൽ ഇത്തരം കർശനനിയന്ത്രണം നടപ്പാക്കുന്ന ഉദ്യോഗസ്ഥർ തന്നെ സാമൂഹ്യ അകലം പാലിക്കാതെയുള്ള ആഘോഷ ചടങ്ങുകളിൽ ഏർപ്പെടുന്നത് വലിയ വിമർശനത്തിനിടയാക്കിയിട്ടുണ്ട്.

''ലോക്ക്ഡൗൺ കാലത്ത് തെരുവ് നായ്ക്കൾക്ക് അമ്പത് ദിവസം ഭക്ഷണം നൽകിയ വോളന്റീയേഴ്‌സിനെ മൂന്നാർ ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ ആദരിക്കുന്ന ചടങ്ങായിരുന്നു നടന്നത്. അവർ അഞ്ച് പേരും പഞ്ചായത്തിന്റെയും ലയൺസ് ക്ലബിന്റെയും ഭാരവാഹികളും ഡിവൈ.എസ്.പിയും ഞാനും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. 15ന് എന്റെ ജന്മദിനം ആയിരുന്നുവെന്നത് ശരിയാണ്. എന്നാൽ പതിവുപോലെ ആഘോഷമൊന്നും ഉണ്ടായിരുന്നില്ല.
പ്രേകൃഷ്ണ
(ദേവികുളം സബ്കളക്ടർ)