തൊടുപുഴ: ജില്ലയിൽ വീണ്ടും കൊവിഡ് സ്ഥിരീകരിച്ചതോടെ രണ്ടു പഞ്ചായത്തുകളിലെ എട്ട് വാർഡുകളെ കൂടി ഹോട്ട്‌സ്‌പോട്ടിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ച ബേക്കറി ഉടമയായ യുവാവ് താമസിക്കുന്ന കരുണാപുരം പഞ്ചായത്തിലെ 12,13 വാർഡുകളും ബേക്കറി നടത്തുന്ന പുറ്റടി സ്ഥിതി ചെയ്യുന്ന വണ്ടൻമേട് പഞ്ചായത്തിലെ 8, 9, 11, 12, 14, 15 എന്നീ വാർഡുകളുമാണ് ഹോട്ട്‌സ്‌പോട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇരു പഞ്ചായത്തുകളിലുമായി ബേക്കറി ഉടമ ഒട്ടേറെ പേരുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതിനാൽ രോഗവ്യാപന സാധ്യത പരിഗണിച്ചാണ് ഇവയെ ഹോട്ട്‌സ്‌പോട്ടുകളാക്കിയത്. ഇവിടെ പുറത്തിറങ്ങുന്നതിനടക്കം ഇനി കർശന നിയന്ത്രണങ്ങളുണ്ടാകും. അതിനിടെ ഇയാളുമായി പ്രാഥമിക സമ്പർക്കത്തിലുണ്ടായിരുന്ന 25 പേരെ ആരോഗ്യ വകുപ്പ് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ബേക്കറിയിലെത്തിയ ചരക്ക് ലോറി ഡ്രൈവർമാരിൽ നിന്നാകാം രോഗം പകർന്നതെന്നാണ് നിഗമനം.
നിരീക്ഷണത്തിൽ 1793 പേർ
ജില്ലയിൽ 1788 പേർ വീടുകളിലും അഞ്ചുപേർ ആശുപത്രികളിലുമായി നിലവിൽ ആകെ 1793 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ പുതുതായി 218 പേരെ വീടുകളിലും ഒരാളെ ആശുപത്രിയിലും നിരീക്ഷണത്തിലാക്കി. വീടുകളിൽ നിരീക്ഷണത്തിലായിരുന്ന 17 പേരുടെ നിരീക്ഷണകാലാവധി ശനിയാഴ്ച അവസാനിച്ചു. ഇന്നലെ 58 പേരുടെ സാമ്പിളുകൾ പരിശോധനക്ക് അയച്ചു. ഇതുൾപ്പടെ ഇതുവരെ ആകെ 2789 പേരെയാണ് പരിശോധനക്ക് വിധേയരാക്കിയത്. ഇന്നലെ 71 പേരുടെ പരിശോധനാഫലം ലഭിച്ചു. 167 പേരുടെ ഫലമാണ് ലഭിക്കാനുള്ളത്.