നെടുങ്കണ്ടം: സഹകരണ ബാങ്കുകൾ വ്യാപാരികൾക്കായി പലിശ ഇളവുകളും പലിശരഹിത വായ്പകളും നൽകണമെന്ന് മർച്ചന്റ് അസോസിയേഷൻ നെടുങ്കണ്ടം യൂണിറ്റ് കമ്മിറ്റി ആവശ്യപ്പെട്ടു. പ്രാദേശികമായി എല്ലാ സഹകരണ ബാങ്കുകളുടെയും ഉയർച്ചയ്ക്കും നിലനിൽപിനും മുഖ്യ പങ്കുവഹിക്കുന്ന മികച്ച സഹകാരികളാണ് വ്യാപാരികൾ. നബാർഡിന്റെ വായ്പകളും പ്രധാനമന്ത്രിയുടെ 20 ലക്ഷം കോടി രൂപയുടെ ഉത്തേജക പാക്കേജുകളും ഇടനില പലിശ വാങ്ങാതെ വ്യാപാരികളിലേക്കും സംരംഭകരിലേക്കും എത്തിക്കണം. കേരളാ ബാങ്കും സഹകരണ ബാങ്കുകളും ഇതിനായി പദ്ധതികൾ ആവിഷ്‌കരിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് ആർ. സുരേഷ്, ജനറൽ സെക്രട്ടറി ജയിംസ് മാത്യു എന്നിവർ ആവശ്യപ്പെട്ടു.
തൊഴിൽ നിയമങ്ങൾ റദ്ദാക്കിയതിനെതിരേ പ്രതിഷേധം
കട്ടപ്പന: തൊഴിൽ നിയമങ്ങൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടിക്കെതിരേ തൊഴിലാളി സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു. ഐഎൻടിയുസി ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റോഫീസിനുമുന്നിൽ ധർണ നടത്തി.മുൻകാല കോൺഗ്രസ് ഗവൺമെന്റുകൾ പാർലമെന്റിൽ പാസാക്കിയ 44 തൊഴിൽ നിയമങ്ങളാണ് കേന്ദ്ര സർക്കാർ റദ്ദാക്കിയതെന്ന് നേതാക്കൾ ആരോപിച്ചു. ജില്ലാ വൈസ്പ്രസിഡന്റ് തോമസ് രാജൻ ഉദ്ഘാടനംചെയ്തു. ജയിംസ് മാമ്മൂട്ടിൽ, രാജാ മാട്ടൂക്കാരൻ, സിജു ചക്കുംമൂട്ടിൽ, ടോമി പുളിമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.