തൊടുപുഴ: ലോക്ക് ഡൗൺ കാലത്ത് കിട്ടിയ പ്രശസ്തിയും അംഗീകാരവും മൂലം ചിലർക്ക് കൊമ്പ് മുളച്ചോ. ചില പൊലീസ് ഉദ്യോഗസ്ഥരു‌രെ പെരുമാറ്റം കാണുമ്പോൾ അങ്ങിനെയേ തോന്നൂ. നാട്ടുകാർ വീട്ടിൽ അകപ്പെടുകയും രാഷ്ട്രീയക്കാർ അധികം ഇടപെടൽ നടത്താതിരിക്കുകയും ചെയ്യുന്നതിനാൽ പൊലീസിന് ഒരുപാട് അധികാരം കിട്ടിയിട്ടുണ്ട്. ബഹുഭൂരിപക്ഷവും അംഗീകാരവും ആദരവും ഏറ്റുവാങ്ങി കൂടുതൽ കർമ്മനിരതരാകുമ്പോൾ ചിലരങ്ങനെയല്ല, പഴയകാലത്തെ ഇടിയൻകുട്ടൻപിള്ള ചമയാനാണ് അവർക്ക് ഇഷ്ടം. ജനങ്ങളെ അധിക്ഷേപിക്കുന്നതും ചെറുതല്ലാതെ ഒന്നു 'തലോടുന്ന"തും ചിലർക്ക് ഒരു നേരമ്പോക്കാണ്. കൊവിഡ് ജാഗ്രതാ നിയന്ത്രണത്തിന്റെ ഭാഗമായി ആവശ്യത്തിനും അനാവശ്യത്തിനും വാഹനങ്ങളിൽ റോന്ത് ചുറ്റുന്ന ഇവരുടെ പ്രവൃത്തികൾ ജനത്തിന്റെ സ്വൈര ജീവിതം തകർക്കുന്ന രീതിയിലായിരിക്കുകയാണ്. എല്ലാം തങ്ങൾ തീരുമാനിക്കും എന്ന നിലപാട്. ജാഗ്രതാ നിയന്ത്രണം വന്നതോടെ ഈ സ്റ്റേഷനുകളിലെ ഭൂരിപക്ഷം പൊലീസുകാരും കേന്ദ്ര -സംസ്ഥാന സർക്കാരുകളുടെയും ആഭ്യന്തര വകുപ്പിന്റെയും നിർദ്ദേശങ്ങളേയും നിയമങ്ങളെയും കാറ്റിൽപ്പറത്തുകയാണ്.

എടാ... പോടാ... തെറി വിളിയും നാട്ടിൽ ക്രമസമാധാനം ഉറപ്പാക്കാൻ നിയോഗിക്കപ്പെട്ട പൊലീസുകാരിൽ ചിലരുടെയെങ്കിലും പ്രവർത്തനങ്ങൾ പ്രാദേശികമായി പ്രശ്നങ്ങൾക്ക് കാരണമാകുന്നു.ഒരു തെറ്റും ചെയ്യാത്ത ആളുകളാണെങ്കിലും കണ്മുന്നിൽ വന്ന് പെട്ടാൽ അവരെ എടാ... പോടാ... വിളിച്ചില്ലെങ്കിൽ ചില പൊലീസുകാർക്ക് ആത്മ സംതൃപ്തി കിട്ടില്ല. അവർക്ക് കാണുന്നവരെല്ലാം കുറ്റവാളികളാണ്. റോഡിൽ വാഹന പരിശോധനയ്ക്ക് ഇറങ്ങുമ്പോഴും സ്റ്റേഷനിലും ഇതാണ് അവസ്ഥ. ഇത്തരം സംഭവങ്ങൾ പ്രാദേശികമായി പൊലീസും ജനങ്ങളും തമ്മിൽ അടിക്കടി സംഘർഷങ്ങൾക്ക് കരണമാകുന്നുമുണ്ട്. ഒരു കാരണവുമില്ലാതെ പൊലീസുകാർ ജനങ്ങളോട് കാണിക്കുന്ന പ്രവൃത്തികൾ സംബന്ധിച്ച് പ്രാദേശികമായിട്ടുള്ള രഹസ്യാന്വേഷണ വിഭാഗത്തിന് വ്യക്തമായി അറിയാം. എന്നാൽ ഇത് സംബന്ധിച്ചുള്ള വിവരങ്ങൾ പൊലീസിലെ ഉന്നതരെയോ സർക്കാരിനെയോ അറിയിക്കാതെ രഹസ്യാന്വേഷണ വിഭാഗം കണ്ണടയ്ക്കും. ജനപ്രതിനിധികളോട് പൊലീസിന് പുച്ഛം കൂടിവരുകയാണ്.തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ അഭിപ്രായങ്ങൾ ചെവിക്കൊള്ളാൻ ഇത്തരക്കാർ കൂട്ടാക്കാറുമില്ല.