തൊടുപുഴ : കോവിഡ് 19 സാഹചര്യത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് നിർത്തി വെച്ചിരുന്ന മാലിന്യം ശേഖരണം പുനരാരംഭിച്ചു. ഗ്രാമ പഞ്ചായത്തുകളിലെ എംസിഎഫുകളിൽ ശേഖരിച്ചിരിക്കുന്ന പ്ലാസ്റ്റിക് മഴക്കാലപൂർവ്വശുചീകരണത്തിന്റെ ഭാഗമായി അടിയന്തിരമായി നീക്കം ചെയ്യേണ്ടതിനാലാണ് നടപടി. വീടുകളിൽ നിന്നും ഗ്രാമപഞ്ചായത്ത് ശേഖരിച്ച്‌സൂക്ഷിച്ചിരിയ്ക്കുന്നത് എംസിഎഫുകളിലാണ്. ഇവിടെ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്താൽ വീടുകളിൽ സൂക്ഷിച്ചിരിയ്ക്കുന്ന പ്ലാസ്റ്റിക് ഗ്രാമ പഞ്ചായത്തുകൾക്ക് എംസിഎഫുകളി എത്തിക്കുവാൻ സാധിക്കും. ഇതോടെ മാലിന്യനീക്കം സുഗമമാകും. ഇവിടെ നിന്നും ശേഖരിക്കുന്ന വൃത്തിയുള്ള പ്ലാസ്റ്റിക് വസ്തുക്കൾ ബ്ലോക്ക് പഞ്ചായത്ത് നെടിയശാലയിൽ പ്രവർത്തിക്കുന്ന പ്ലാസ്റ്റിക് ഷ്രെഡ്ഡിംഗ് യൂണിറ്റിൽ എത്തിക്കും. അവിടെനിന്നും ബെയിൽ ചെയ്‌തെടുക്കുന്ന പ്ലാസ്റ്റിക് റീസൈക്കിൾ ചെയ്ത് പുതിയ ഉത്പ്പന്നമാക്കിമാറ്റും. പൊടിച്ചെടുക്കുന്ന പ്ലാസ്റ്റിക് റോഡ് നിർമ്മാണത്തിനായാണ് ഉപയോഗിക്കുന്നത്. ഇതിനോടകംതന്നെ വിവിധ പഞ്ചായത്തുകളിൽ നിന്നും ശേഖരിച്ച പതിനായിരം കിലോ പ്ലാസ്റ്റിക് റോഡ്‌നിർമ്മാണത്തിന് ഉപയോഗിച്ചു. ബ്ലോക്ക് പഞ്ചായത്ത് ക്ലീൻ കേരള കമ്പനിയുമായി സഹകരിച്ചാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്. മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനവുമായി ബന്ധപ്പെട്ടാണ് ലോക്ഡൗൺ കാലത്തും അടിയന്തിരമായി മാലിന്യനീക്കം പുനരാരംഭിക്കാൻ ബ്ലോക്ക് പഞ്ചായത്ത് തീരുമാനിച്ചതെന്ന് തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.