മുട്ടം: മൂലമറ്റം പവർ ഹൗസിൽ വൈദ്യുതി ഉത്പാദനം വർദ്ധിപ്പിച്ചതോടെ മലങ്കര അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. വേനൽ മഴ ശക്തമായതോടെയാണ് വൈദ്യുതി ഉത്പാദനം കൂട്ടിയത്. ആകെ ആറ് ഷട്ടറുകൾ ഉള്ളതിൽ 3, 4, 5 ഷട്ടറുകൾ 20സെൻ്റീമീറ്റർ വീതമാണ് തുറന്ന് വിട്ടിരിക്കുന്നത്.ഇന്നലെ വൈകിട്ട് 4ന് 41.34 മീറ്ററാണ് മലങ്കരയിലെ ജലനിരപ്പ്. മൂലമറ്റം പവർഹൗസിൽ നിന്നുള്ള വെള്ളമൊഴുക്ക് കൂടാതെ അണക്കെട്ടിന്റെ വൃഷ്ടി പ്രദേശങ്ങളിലുള്ള പുഴകളിലും തോടുകളിലും നീരൊഴുക്ക് കൂടിയിട്ടുണ്ട്. ഇതും അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ കാരണമായി. ഇന്നലെ ഉച്ചതിരിഞ്ഞ് ഡാമിന്റെ വൃഷ്ടിപ്രദേശത്ത് സാമാന്യം നല്ലമഴ പെയ്തു. ജലനിരപ്പ് ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ തുറക്കുമെന്നും തൊടുപുഴയാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രതപാലിക്കണമെന്നും എം.വി.ഐ.പി അധികൃതർ അറിയിച്ചു.