തൊടുപുഴ: കോവിഡിന്റെ മറവിൽ രാജ്യത്തിന്റെ മണ്ണും വിണ്ണും വിദേശമൂലധന ശക്തികൾക്ക് തീറെഴുതാനുള്ള കേന്ദ്രത്തിന്റെ നയത്തിനെതിരെ നാളെ ജില്ലയിലെമ്പാടും സിപിഐയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെ കെ ശിവരാമൻ അറിയിച്ചു. അഖിലേന്ത്യാ തലത്തിൽ നടക്കുന്ന പ്രതിഷേധ പരിപാടികളുടെ ഭാഗമായാണ്
ജില്ലയിലും പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഈ പ്രതിസന്ധിഘട്ടത്തിലും കേരളത്തെ സഹായിക്കുന്ന നിലപാടല്ല കേന്ദ്രം സ്വീകരിക്കുന്നത്. രാജ്യത്തെ പട്ടിണി പാവങ്ങളോടും സാധാരണക്കാരോടും പകപോക്കൽ സമീപനമാണ് കേന്ദ്രം കാട്ടുന്നത്. 20 ലക്ഷം കോടിയുടെ പാക്കേജ്
പ്രഖ്യാപിച്ചിട്ടും സാധാരണക്കാരന്റെ കുടുംബങ്ങളിൽ പണം എത്തിക്കുവാനുള്ള യാതൊരു നടപടിയും കേന്ദ്രം ഇതുവരെ സ്വീകരിച്ചിട്ടില്ല. രാജ്യത്തെ കർഷകരുടെ കടം എഴുതിതള്ളാനുള്ള നടപടികളും കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാത്തത് കർഷക ദ്രോഹമാണ്. പൊതുമേഖലയും പ്രതിരോധ ആണവ മേഖലയും അടക്കം രാജ്യത്തിന്റെ സമ്പത്ത് മുഴുവൻ വിൽക്കുമെന്ന നയ പ്രഖ്യാപനമാണ് കേന്ദ്ര
പാക്കേജിലെ പ്രധാന ഇനം. കേന്ദ്രത്തിന്റെ ഇത്തരം സമീപനങ്ങൾക്കെതിരെ വൻ പ്രതിഷേധം ഉയർന്ന് വരേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ ലോക്ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചാണ് സിപിഐ പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കുന്നത്.