കട്ടപ്പന: ലോക്ക് ഡൗണിന്റെ വിരസത മാറ്റാനായി കാൻവാസും പെൻസിലുകളും കൈയ്യിലെടുത്ത അശ്വിന് ഇപ്പോൾ നിന്ന് തിരിയാൻ നേരമില്ല. സിനിമാ താരങ്ങൾ, രാഷ്ട്രീയക്കാർ ഇവരുടെയൊക്കെ ജീവസുറ്റ ചിത്രങ്ങൾ ഒന്നൊന്നായി കാൻവാസിൽ വിരിയുകയാണ്.. രണ്ടുവർഷം മുമ്പ് ചിത്രരചനയുടെ ബാലപാഠങ്ങൾ പരിശീലിച്ചശേഷം ഇപ്പോൾ ലോക്ക് ഡൗൺ കാലത്താണ് വരയുടെ ലോകത്ത് സജീവമായത്. കട്ടപ്പന പൊലീസ് സ്‌റ്റേഷനിലെ എ.എസ്.ഐ വള്ളക്കടവ് ചുരത്തിൽ സി.എസ്. സുരേഷിന്റെ മൂത്ത മകനാണ് ലബ്ബക്കട ജെ.പി.എം. സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയായ അശ്വിൻ സുരേഷ്. ചലച്ചിത്ര താരങ്ങളും രാഷ്ട്രീയ നേതാക്കളുമാണ് ഇഷ്ട കഥാപാത്രങ്ങൾ. ലോക്ക് ഡൗണിന്റെ വിരസത മാറ്റാനുള്ള പുതിയ മേഖലയിലേയ്ക്കുള്ള കൂടുമാറ്റം ചിത്രകാരൻ കൂടിയായ അച്ഛൻ സുരേഷ് പൂർണ പിന്തുണ നൽകി. അന്തരിച്ച മുൻ മന്ത്രി കെ.എം. മാണിയുടെ ചിത്രം പൂർത്തീകരിച്ച് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചപ്പോൾ ജോസ് കെ.മാണി എം.പി. അഭിനന്ദിച്ചിരുന്നു. അയ്യപ്പനും കോശിയും സിനിമയിലെ പൃഥ്വിരാജ്, ബിജു മേനോൻ, കൂടാതെ ടൊവിനോ തോമസ്, ആസിഫ് അലി തുടങ്ങി മലയാള സിനിമയിലെ നായകൻമാരെയും പേപ്പറിൽ പകർത്തി. ഇതിനിടെ കൂട്ടുകാരുടെ ചിത്രങ്ങളും വരച്ചുനൽകി. ഇപ്പോൾ ബാഹുബലി സിനിമയിലെ കഥാപാത്രങ്ങളെ വരച്ചുകൊണ്ടിരിക്കുകയാണ്. അമ്മ ധന്യ, അനുജൻ അർജുൻ, മുത്തശ്ശൻ ശിവരാമൻ, മുത്തശ്ശി രത്‌നമ്മ എന്നിവരും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.