തൊടുപുഴ: കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് കണ്ടെയിൻമെന്റ് മേഖലകളായി പ്രഖ്യാപിച്ച ഇടുക്കിയിലെ രണ്ടു പഞ്ചായത്തുകളിലെ എട്ടു വാർഡുകളിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ബേക്കറി ഉടമ കച്ചവടം നടത്തുന്ന വണ്ടൻമേട് പഞ്ചായത്തിലെ 8,9,11,12,14,15, ഇയാൾ താമസിക്കുന്ന കരുണാപുരം പഞ്ചായത്തിലെ 12,13 വാർഡുകളിലാണ് നിയന്ത്രണം. ബേക്കറി ഉടമ ഈ മേഖലയിൽ കൂടുതൽ ആളുകളുമായി ബന്ധപ്പെട്ടിരിക്കാനുള്ള സാഹചര്യമുണ്ടെന്നതിനാൽ രോഗവ്യാപനം തടയുന്നതിനാണ് നിയന്ത്രണം ഏർപ്പെടുത്തിയത്.
നിർദ്ദേശങ്ങൾ
*അടിയന്തര ആവശ്യങ്ങൾക്കല്ലാതെ ആരും പുറത്തിറങ്ങരുത്.പുറത്തിറങ്ങുന്നവർ സാമൂഹിക അകലം പാലിക്കണം, മുഖാവരണം ധരിക്കണം. മറ്റ് സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കണം.
* ഈ വാർഡുകളിലേക്കും പുറത്തേക്കും നിശ്ചിത റോഡുകൾ വഴി മാത്രമേ ഗതാഗതം അനുവദിക്കു. മറ്റ് റോഡുകൾ അടച്ചിടും.
*അവശ്യവസ്തുക്കൾ വിൽക്കുന്ന കട ഉൾപ്പടെയുള്ളവ തുറന്നു പ്രവർത്തിക്കില്ല.
* അവശ്യവസ്തുക്കളുമായി വരുന്ന വാഹനങ്ങൾക്ക് ഇളവ്.
*മെഡിക്കൽ സ്റ്റോർ, പെട്രോൾ പമ്പ്, ഗ്യാസ് ഏജൻസികൾ എന്നിവ പ്രവർത്തിക്കാം.
*ഈ വാർഡുകളിൽ നിന്നും അകത്തേക്കും പുറത്തേയ്ക്കും യാത്ര ചെയ്യുന്നവരെ കർശനമായി പരിശോധിക്കും. നിയമലംഘനം കണ്ടാൽ നടപടി.
* ഹോട്ടലുകൾ, ബേക്കറികൾ തട്ടുകടകൾ എന്നിവ പ്രവർത്തിക്കരുത്.
*ബാങ്കുകളുടെ പ്രവർത്തനം രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ടുവരെ മാത്രം. പരമാവധി 50 ശതമാനം ജീവനക്കാർ മാത്രം.
*കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സർക്കാർ വകുപ്പുകളുടെ ഓഫീസിൽ അടിയന്തര ആവശ്യങ്ങൾക്കുള്ള ജീവനക്കാർ മാത്രം
*സാമൂഹിക അടുക്കള പ്രവർത്തിക്കാം
*അവശ്യസാധനങ്ങൾ വീടുകളിലെത്തിക്കാൻ പഞ്ചായത്തുകൾ നടപടിയെടുക്കും.