 ലോട്ടറി വിൽപ്പന തുടങ്ങാത്തതിനാൽ ആയിരങ്ങൾ ദുരിതത്തിൽ

തൊടുപുഴ: ഇന്നലെമുതൽ ലോട്ടറി കച്ചവടം പുനരാരംഭിക്കുന്നത് സ്വപ്നം കണ്ടിരുന്ന ഭാഗ്യക്കുറി വിൽപ്പനക്കാർക്ക് തീരെ ഭാഗ്യമുണ്ടായില്ല. വിൽപ്പനക്കാരുടെയും ഏജന്റുമാരുടെയും കൈയിലുള്ള വിറ്റുപോകാത്ത ടിക്കറ്റുകൾ എന്ത് ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമാകാത്തതിനാലാണ് സർക്കാർ ലോട്ടറി കച്ചവടം പുനരാരംഭിക്കാത്തത്. എന്നാൽ ലോക്ക്‌ഡൗണിനെ തുടർന്ന് ഒന്നരമാസത്തിലേറെയായി ഒരു ജോലിയുമില്ലാതെ ദുരിതത്തിലായ ചെറുകിട ലോട്ടറിവിൽപ്പനക്കാരുടെ ജീവിതം ഇതോടെ കൂടുതൽ ദുസഹമാക്കി. വലിയ സാമ്പത്തിക പ്രതിസന്ധിയിലാണ് ലോട്ടറി ഏജന്റുമാരും ഇവരുടെ കീഴിലുള്ള ഭിന്നശേഷിക്കാരായവരടക്കമുള്ള ആയിരക്കണക്കിന് വിൽപ്പനക്കാരും. മദ്യവിൽപ്പന കഴിഞ്ഞാൽ നികുതിയിനത്തിൽ കോടികൾ സർക്കാരിന് വരുമാനം നേടിതരുന്ന ലോട്ടറി ഏജന്റുമാർക്ക് ക്ഷേമനിധി ബോർഡിൽ നിന്ന് ആയിരം രൂപയാണ് ആകെ നൽകിയത്. മറ്റ് തൊഴിലാളികൾക്ക് യാതൊരു സഹായവും ഇതുവരെ ലഭിച്ചിട്ടില്ല. വിറ്റുപോകാത്ത ടിക്കറ്റ് എന്ത് ചെയ്യണമന്ന കാര്യത്തിൽ ഇന്ന ധനമന്ത്രിയുടെ നേതൃത്വത്തിൽ നടക്കുന്ന യോഗത്തിൽ തീരുമാനമാകുമെന്നാണ് സൂചന. കൊവിഡ് ജാഗ്രതയുടെ ഭാഗമായി ലോട്ടറി വിൽപനക്കാർക്ക് മാസ്‌ക്, കൈയുറ, സാനിറ്റൈസർ എന്നിവ സൗജന്യമായി വിതരണം ചെയ്യുമെന്ന് പ്രഖ്യാഖിപ്പിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായില്ല.

കെട്ടികിടക്കുന്നത് ലക്ഷങ്ങൾ

ലോട്ടറി ഓഫീസിൽ നിന്ന് മൊത്തമായി വാങ്ങിയ ടിക്കറ്റുകൾ വിറ്റഴിക്കുന്നതിന് മുമ്പാണ് ലോക്ക് ഡൗൺ പ്റഖ്യാപിക്കുകയും ലോട്ടറി നറുക്കെടുപ്പ് നിർത്തിവെക്കുകയും ചെയ്തത്. മൊത്തക്കച്ചവടക്കാരുടെ കൈയിൽ അമ്പതും അറുപതും ലക്ഷം രൂപയുടെ ലോട്ടറി ടിക്കറ്റുകളാണ് കെട്ടിക്കിടക്കുന്നത്.

എട്ടിന്റെ പണിപോലെ ടിക്കറ്റുകൾ
മാർച്ചിൽ വിൽക്കേണ്ടിയിരുന്ന പൗർണമി, വിൻവിൻ, സ്ത്രീശക്തി, അക്ഷയ, ​കാരുണ്യ, കാരുണ്യപ്ലസ്, നിർമ്മൽ, ബമ്പർ തുടങ്ങിയ എട്ട് ലോട്ടറി ടിക്കറ്റുകളാണ് ഏജന്റുമാരുടെ ഷോപ്പുകളിൽ കെട്ടികിടക്കുന്നത്. ഇതിൽ ബമ്പർ നറുക്കെടുപ്പിന്റെ ടിക്കറ്റുകൾ കുറെ വിറ്റുതീർന്നിരുന്നു.

''നറുക്കെടുപ്പ് മാറ്റിവച്ച് ലോട്ടറി ടിക്കറ്റ് വിൽക്കാൻ കഴിയാത്തതിനാൽ
നറുക്കെടുപ്പുകൾ റദ്ദാക്കി പുതിയ ടിക്കറ്റ് നൽകണം. ലോട്ടറി മേഖലയ്ക്കു പുതിയ സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം"

- ഷമീർ (ലോട്ടറി മൊത്തക്കച്ചവടക്കാരൻ)​