ഇടുക്കി: നേര്യമംഗലം- ഇടുക്കി റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായി നാളുകളേറെയായിട്ടും തിരിഞ്ഞ് നോക്കാതെ അധികൃതർ. നൂറു കണക്കിന് വാഹനങ്ങൾ നിത്യേന കടന്നു പോകുന്ന പ്രധാന റോഡാണിത്. അധികാരികളോ ജനപ്രതിനിധികളോ റോഡ് സഞ്ചാരയോഗ്യമാക്കുന്നതിനായിയാതൊരു നടപടിക്കും മുതിരുന്നില്ല.സമീപ പ്രദേശത്തുള്ള റോഡുകളെല്ലാം ആധുനിക നിലവാരത്തിൽ ടാറിംഗ് ചെയ്യുമ്പോൾ ഇതുവഴി കാൽനട യാത്ര പോലും സാദ്ധ്യമല്ല എന്നതാണ് വിരോധാഭാസമായി മാറിയിരിക്കുന്നത്. . നേര്യമംഗലം മുതൽ കരിമണൽ വരെയുള്ള 11 കിലോമീറ്റർ റോഡാണ് പൂർണമായും തകർന്ന് കിടക്കുന്നത്. അറ്റക്കുറ്റപ്പണിക്ക് വേണ്ടി കുത്തിപ്പൊളിച്ചതിനാൽ ഇപ്പോൾ മൺറോഡ് പോലെയായി. കഴിഞ്ഞ ആഗസ്റ്റിൽ ഈ റോഡ് നവീകരിക്കുന്നതിന് 28 കോടി രൂപ അനുവദിച്ചിരുന്നു. മഴക്കാലത്തിന് മുമ്പ് ബി.എം.ബി.സി ടാറിംഗ് നടത്തുമെന്ന് കരുതിയെങ്കിലും ഇതുവരെ നടപ്പായില്ല. റോഡിന്റെ അരിക് കോൺക്രീറ്റിംഗ് മാത്രമാണ് നടന്നത്. ജെ.സി.ബി ഉപയോഗിച്ച് തകർന്ന ഭാഗം ഇളക്കി നിരപ്പാക്കിയതിനാൽ വേനൽമഴയിൽ റോഡിൽ വെള്ളം കെട്ടി സഞ്ചാരയോഗ്യമല്ലാതയി തീർന്നു. മെറ്റൽ ഇളകി കിടക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത്പതിവായി.