ചെറുതോണി: ഇടുക്കി ഡാമിലെ ജലനിരപ്പ് മുൻവർഷങ്ങളെക്കാൾ ഉയർന്ന നിലയിൽ ഡാം തുറക്കാനുള്ള തയ്യാറെടുപ്പുകൾ നേരത്തെ ആരംഭിച്ച് ജില്ലാ ഭരണകൂടം.ഇടുക്കി ജലവൈദ്യുത പദ്ധതിയിൽ മുൻ വർഷത്തെ അപേക്ഷിച്ച് 20 അടി ജലമാണ് കൂടുതലുള്ളത്. വേനൽ മഴ ശക്തമായതും ചുഴലിക്കാറ്റിനെ തുടർന്ന് പദ്ധതി പ്രദ്ദേശത്ത് മഴ ശക്തമായതും ഡാമിലെ ജല നിരപ്പ് ഉയർത്തുമെന്ന വിശ്വാസത്തിലാണ് വൈദ്യുതി വകുപ്പ്. മൂലമറ്റം പവർ ഹൗസിലെ ജനറേറ്റർ തകരാർ പരിഹരിക്കാനുള്ള നടപടികൾ ഇനിയും വൈകുന്നതിനാൽ വൈദ്യുതി ഉത്പ്പാദനം ഉയർത്തി അണക്കെട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമത്തിന് വെല്ലുവിളിയായിരിക്കുകയാണ്. കാലവർഷം ആരംഭിക്കാൻ കഷ്ടിച്ച് രണ്ട് ആഴ്ച്ച മാത്രമാണ് അവശേഷിക്കുന്നത്. സംഭരണശേഷിയുടെ 56.6 ശതമാനം വെള്ളം ഇടുക്കി അണക്കെട്ടിലുണ്ട്. മഴ ശക്തമായതോടെ നീരൊഴുക്കും വർദ്ധിച്ചു.ഞായറാഴ്ച്ച 1.6 മില്ലി മീറ്റർ മഴ പദ്ധതി പ്രദ്ദേശത്ത് പെയ്തപ്പോൾ 0.47 മില്ല്യൺ ക്യൂബിക്ക് ജലം ഡാമിലേക്ക് ഒഴുകിയെത്തി. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളിൽ മൂന്നെണ്ണം മാത്രമാണ് നിലവിൽ പ്രവർത്തിപ്പിക്കുന്നത്. ഒരു ജനറേറ്റർ നവീകരണത്തിലും മറ്റ് രണ്ടെണ്ണം തകരാറിലുമാണ്. ഇതിൽ ആറാം നമ്പർ ജനറേറ്ററിന്റെ പണികൾ തീർത്ത് കഴിഞ്ഞ 8 ന് രാത്രി പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ഇതിനിടെ ട്രാൻസ്‌ഫോർമർ തകരാറിലാവുകയായിരുന്നു. ഇത് നന്നാക്കുന്നതിന് വിദഗ്ദ്ധർ അന്യ സംസ്ഥാനങ്ങളിൽ നിന്നാണ് എത്തേണ്ടത്. ഇത്തരത്തിൽ ഇവരെത്തിയാൽ തന്നെ 14 ദിവസം ക്വാറന്റൈനിൽ കഴിഞ്ഞ ശേഷം മാത്രമെ ഇടുക്കിയിലെ ഭൂഗർഭ നിലയത്തിൽ പ്രവേശിക്കാനാകൂ. മറ്റ് രണ്ട് ജനറേറ്ററിൽ ഒന്നിന് ആവശ്യമായ യന്ത്ര ഭാഗങ്ങൾ വിദേശത്തുനിന്നും വരേണ്ടതുണ്ട്. നവീകരണത്തിലായിരുന്ന ഒന്നാം നമ്പർ ജനറേറ്ററിന്റെ പണി ഏതാണ്ട് അവസാന ഘട്ടതിലെത്തി നിൽക്കെയാണ് ലോക്ക് ഡൗൺ പ്രഖ്യാപിച്ചത്. കരാർ എടുത്തിരിക്കുന്ന കമ്പനിയുടെ പ്രധാന ഓപ്പറേറ്റർമാർ ചൈനയിൽ നിന്നുള്ളവരാണ്. ഇവരെത്തിയെങ്കിൽ മാത്രമെ ഈ ജനറേറ്റർ പരീക്ഷണ ഓട്ടം പോലും നടത്താൻ കഴിയൂ. ഇത് മൂലം ഉത്പാദനം വർദ്ധിപ്പിച്ച് ജല നിരപ്പ് കുറയ്ക്കാനാവും എന്ന ശ്രമത്തിനും തിരിച്ചടിയായിരിക്കുകയാണ്.

ഇന്ന് അവലോകന യോഗം

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയ്ക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് വിവിധ കോണുകളിൽ നിന്നും ആവശ്യം ഉയർന്നിട്ടുണ്ട് ഇതോടെ ഇക്കാര്യത്തിൽ ആലോചന നടത്തുന്നതിനായി ഇടുക്കി കളക്ട്രറ്റിൽ ഇന്ന് രാവിലെ പതിനൊന്നിന് അവലോകന യോഗം ചേരാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. ഡാം തുറന്ന് വിടേണ്ട സാഹചര്യം ഉണ്ടായാൽ പെരിയാർ തീരത്തുള്ള ജനങ്ങളെ മാറ്റി താമസിപ്പിക്കേണ്ടതിനും,ഗതാഗത നിയന്ത്രണങ്ങൾ വരുത്തുന്നതിനും ഈ യോഗത്തിൽ തീരുമാനമെടുക്കും. 2343.8 അടിയാണ് ഇടുക്കി അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. കഴിഞ്ഞ വർഷം 2323.82 ആയിരുന്നു ഇതേ സമയത്തെ ജലനിരപ്പ്. 2403 ആണ് പരമാവധി സംഭരണ ശേഷി.