കട്ടപ്പന: വെട്ടിക്കുഴക്കവല പത്മവിലാസം വീട്ടുമുറ്റം നിറയെ ബോൺസായി മരങ്ങളുടെ പച്ചപ്പാണ്. വീട്ടുടമ കണ്ണനും കുടുംബാംഗങ്ങളും നേരമ്പോക്കിനായി തുടങ്ങിയ പാലപാലനത്തിലൂടെ ഇപ്പോൾ വീട്ടുമുറത്ത് കുഞ്ഞൻചട്ടികളിലായി 50ൽപ്പരം ചെറിയ 'വലിയ' മരങ്ങളാണ്. വർഷങ്ങൾക്ക് മുമ്പ് സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് ബോൺസായി മരങ്ങളെക്കുറിച്ച് കണ്ണൻ അറിയുന്നത്. പിന്നീട് യൂ ടൂബിലൂടെ പരിപാലനത്തെക്കുറിച്ച് പഠിച്ച് മരങ്ങൾ വാങ്ങി. ആറര വർഷം പഴക്കമുള്ള ഷഫ്‌ളയറും മൂന്നുവർഷം പഴക്കമുള്ള ആൽമര വർഗത്തിൽപെട്ട ഫൈക്കസ് ഉൾപ്പെടെ കണ്ണന്റെ ശേഖരത്തിലുണ്ട്. ഒന്നര വർഷം പഴക്കമുള്ള ഫൈക്കസ് പാണ്ട, റബ്ബർ പ്ലാന്റ്, സൈപ്രസ്, നന്ത്യാർ വട്ടം, സ്റ്റാർ പ്ലാന്റ്, ചെമ്പകം തുടങ്ങിയവയാണ് മറ്റുള്ളവ. പ്രൂണിംഗും വയറിംഗുമാണ് ബോൺസായ് മരങ്ങളുടെ പരിപാലനത്തിലെ പ്രധാനപ്പെട്ട ജോലികൾ. ഇലകളും ശിഖിരങ്ങളും വെട്ടിയൊരുക്കി മൃദുവായ കമ്പികൾ ഉപയോഗിച്ച് മരങ്ങൾക്ക് അനുയോജ്യമായ രൂപം നൽകുന്നതാണിവ. പരിപാലനത്തിനു സമയം കണ്ടെത്താമെങ്കിൽ ബോൺസായ് കൃഷി വിജയമാക്കാമെന്നാണ് ജ്വല്ലറി ജീവനക്കാരനായ കണ്ണൻ പറയുന്നത്. ഇതോടൊപ്പം ആൽമരങ്ങളും പുളിയും നെല്ലിയും മാവുമെല്ലാം കണ്ണന്റെ ഉദ്യാനത്തിലുണ്ട്. കൂടാതെ വിവിധതരം ഓർക്കിഡ് പുഷ്പങ്ങളും പരിപാലിച്ചുവരുന്നു.