എതിർപ്പുമായി തൊഴിലാളികൾ
തൊടുപുഴ: ലോക്ഡൗൺ പ്രതിസന്ധിയിൽ നട്ടം തിരിയുന്ന തൊഴിലാളികൾക്ക് ഇരുട്ടടിയായി മലങ്കര എസ്റ്റേറ്റ് മാനേജ് മെന്റിന്റെ വേതനം വെട്ടിക്കുറയ്ക്കൽ. തീരുമാനം അംഗീകരിക്കാൻ കഴിയാതെ എസ്റ്റേറ്റിലെ തൊഴിലാളികളും വിവിധ ട്രേഡ് യൂണിയൻ നേതാക്കളും രംഗത്ത് വന്നതോടെ മാനേജ്‌മെന്റിന്റെ തീരുമാനം വിവാദത്തിലുമായി.റബ്ബർ കിലോയ്ക്ക് 130 രൂപ ആകുന്നത് വരെ നിലവിലുള്ള വേതനത്തിന്റെ 20 ശതമാനം വെട്ടിക്കുറക്കും. തൊഴിലാളികൾക്ക് നൽകാനായി ബാക്കിയുള്ള വേതനത്തിൽ നിന്ന് ഇപ്പോഴുള്ള പ്രതിസന്ധി തീരുന്നത് വരെ 50 ശതമാനം മാറ്റിവെക്കും എന്നിങ്ങനെയാണ് വേതനം വെട്ടിക്കുറക്കാൻ മാനേജ് മെന്റിൽ തീരുമാനം ആയത്. റബ്ബർ ടാപ്പിംഗ്, ഫീൽഡ് ജീവനക്കാർ, സൂപ്പർ വൈസർ, ഓഫീസ് ജീവനക്കാർ, താൽക്കാലിക ജീവനക്കാർ ഉൾപ്പടെ 480 ൽപരം ആളുകളാണ് മലങ്കര എസ്റ്റേറ്റിൽ ജോലി ചെയ്യുന്നത്.കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കുന്നതിനാൽ പ്രത്യക്ഷ സമരപരിപാടിയുമായി തൊഴിലാളികൾ രംഗത്ത് വരുവാനുള്ള സാദ്ധ്യത ഇല്ലാത്തതിനാൽ അവസരം മുതലാക്കിയുള്ള നീക്കമാണ് മാനേജ്മെന്റ് നടത്തുന്നതെന്ന് തൊഴിലാളികൾ പറയുന്നു. ഇപ്പോഴത്തെ പ്രതിസന്ധി ഘട്ടത്തിൽ ജീവിതമാർഗം അടഞ്ഞ തൊഴിലാളികളെ കൂടുതൽ പ്രതിസന്ധിയിലേക്ക് തള്ളിയിടുന്ന നടപടിയാണ് മാനേജ്മെന്റ് സ്വീകരിച്ചിരിക്കുന്നതെന്നും പറയുന്നു. തൊഴിലാളികളുടെ ന്യായമായ വേതനം തടസപ്പെടുത്തുവാനുള്ള മാനേജ്മെൻറിന്റെ നടപടികൾ അവസാനിപ്പിക്കുവാൻ അധികൃതർ തയാറാകണമെന്ന് ആവശ്യപ്പെട്ട് വിവിധ ട്രേഡ് യൂണിയൻ മാനേജ്‌മെന്റിന് കത്ത് നൽകിയിട്ടുമുണ്ട്.