തൊടുപുഴ: ക്വാറന്റൈൻ ലംഘിക്കുകയും ആരോഗ്യ സന്നദ്ധ പ്രവർത്തകരോട് മോശമായി പെരുമാറുകയും ചെയ്ത കേസിൽ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർക്കെതിരേ പൊലീസ് കേസെടുത്തു. കരിങ്കുന്നം രാമൻകുളത്ത് സലിമിനെതിരെയാണ് തൊടുപുഴ പൊലീസ് കേസെടുത്തത്. ഗുജറാത്തിൽ നിന്ന് നാട്ടിലെത്തിയ സലിമിനെ കഴിഞ്ഞ 12 മുതൽ പെരുമ്പിള്ളിച്ചിറ അൽ- അസ്ഹർ എൻജിനിയറിംഗ് കോളേജ് ഹോസ്റ്റലിലെ കൊവിഡ് കെയർ സെന്ററിൽ 14 ദിവസത്തേയ്ക്ക് ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിൽ നിരീക്ഷണത്തിലാക്കിയിരുന്നു. ഇവിടെ പ്രവേശിപ്പിച്ചതു മുതൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരോടും സന്നദ്ധ പ്രവർത്തകരോടും ഇയാൾ മോശമായി പെരുമാറുകയും ക്വാറന്റൈൻ ലംഘിച്ച് പുറത്തിറങ്ങി നടക്കുകയും ചെയ്തിരുന്നതായി പരാതിയുണ്ട്. കൊവിഡ് കെയർ സെന്ററിൽ ഡ്യൂട്ടിയുള്ള കുമാരമംഗലം പഞ്ചായത്തിലെ ഹെഡ് ക്ലർക്ക് നൽകിയ പരാതിയിലാണ് പൊലീസ് കേസെടുത്തത്.