tree
കാറ്റിലും മഴയിലും കരിമണ്ണൂരിൽ സ്‌കൂൾ വളപ്പിൽ നിന്ന വാകമരം ചുവടെ മറിഞ്ഞ് സമീപത്തെ വീടിന് മുകളിലേക്ക് വീണ നിലയിൽ

തൊടുപുഴ: ലോറേഞ്ച് മേഖലയിൽ ഇന്നലെ പുലർച്ചെ മുതൽ വൈകിട്ട് വരെ നല്ല മഴ ലഭിച്ചു. ചുഴലിക്കാറ്റിനെ തുടർന്ന് ജില്ലയിൽ ഇന്നലെ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. എന്നാൽ തൊടുപുഴയിലാണ് ശക്തമായ മഴ ലഭിച്ചത്. ഞായറാഴ്ച പെയ്ത മഴയോടൊപ്പമുണ്ടായ കാറ്റിൽ പരക്കെ നാശനഷ്ടമുണ്ടായിരുന്നു. എന്നാൽ ഇന്നലെ കാര്യമായ നാശനഷ്ടം റിപ്പോർട്ട് ചെയ്തില്ല. കരിമണ്ണൂരിൽ സ്‌കൂൾ വളപ്പിൽ നിന്ന വാകമരം കാറ്റിലും മഴയിലും ചുവടെ മറിഞ്ഞ് വീണ് സമീപത്തെ വീടിന് നാശനഷ്ടമുണ്ടായി. കരിമണ്ണൂർ ഗവ. യുപി സ്‌കൂൾ വളപ്പിൽ നിന്ന വലിയ മരമാണ് സമീപത്തുള്ള വട്ടപ്പാറയിൽ വി.വി. ജോസഫ് വാടകയ്ക്ക് നൽകിയിട്ടുള്ള വീടിന് മുകളിലേക്ക് മറിഞ്ഞുവീണത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.45നായിരുന്നു അപകടം. സ്‌കൂളിന് സമീപത്തുള്ള അമ്പലം റോഡ് വക്കിലുള്ള കോൺക്രീറ്റ് വീടിന്റെ മുകളിലേക്കാണ് മരം ചുവടെ മറിഞ്ഞുവീണത്. പുഴുപ്പുറത്ത് സുഭാഷ് ചന്ദ്രൻ എന്നയാളാണ് കുടുംബസമേതം ഈ വീട്ടിൽ താമസിക്കുന്നത്. ആർക്കും പരിക്കില്ല. വീടിന്റെ ഇരുമ്പ് ഗെയ്‌റ്റ് പൂർണമായും തകർന്നു. പാരപ്പറ്റിനും സൺഷെയ്ഡിനും കേടുപാടുണ്ട്. ഇതുവഴിയുള്ള ഗതാഗതവും തസടപ്പെട്ടു. തൊടുപുഴയിൽ നിന്ന് എത്തിയ ഫയർഫോഴ്‌സ് സംഘം ഒന്നര മണിക്കൂറെടുത്താണ് മരം വെട്ടിമാറ്റിയത്. കരിമണ്ണൂർ പൊലീസും പഞ്ചായത്ത് സെക്രട്ടറിയും വില്ലേജ് ഓഫീസറും സ്ഥലത്തെത്തി.

മഴയുടെ അളവ് (മില്ലിമീറ്ററിൽ)​

തൊടുപുഴ- 36.5

ഇടുക്കി- 1.6

പീരുമേട്- 1.2

മൂന്നാർ- 0.4

മാട്ടുപ്പെട്ടി- 1.0