തൊടുപുഴ : ജില്ലയിൽ ഭാരതീയചികിത്സാവകുപ്പിന്റെ കീഴിലെ എല്ലാ ആയുർവേദ സ്ഥപനങ്ങളിലും ആയുർ രക്ഷ ടാസ്ക് ഫോർസുകൾ പ്രവർത്തനം ആരംഭിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ആയുർവേദത്തെ ഉൾപ്പെടുത്തിക്കൊണ്ടുള്ള സംസ്ഥാന സർക്കാരിന്റെ നിർദ്ദേശം നടപ്പിലാക്കാൻ വേണ്ടിയാണ് ജില്ലയിലെ മുഴുവൻ ആയുർവേദ സ്ഥാപനങ്ങളിലും ആയുർ രക്ഷ ടാസ്ക് ഫോർസുകൾ നിലവിൽ വന്നത്. സർക്കാർ മേഖലയിലെയും പ്രൈവറ്റ് മേഖലകളിലെയും ഡോക്ടർമാരും ആയുർവേദ ഔഷധ നിർമ്മാണ രംഗത്തെ പ്രതിനിധികളും മറ്റ് ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥരും സന്നദ്ധ പ്രവ‌ർത്തകരും ആശാ പ്രവർത്തകരും അടങ്ങിയതാണ് ഈ ടാസ്ക് ഫോർസുകൾ. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന പ്രവർത്തനങ്ങളെ ലക്ഷ്യമാക്കുന്ന പദ്ധതികളായ സ്വാസ്ഥ്യം,​ സുഖായുഷ്യം എന്നിവ ജില്ലയിലെ എല്ലാ ആയുർവേദ സ്ഥാപനങ്ങളിലൂടെയും നടപ്പിലാക്കി വരുന്നു. പകർച്ചവ്യാധി പ്രതിരോധ മാർഗങ്ങൾ പ്രത്യേകിച്ച് ആരോഗ്യപരമായ ആഹാര രീതികളേയും ജീവിത ശൈലികളെയും നിർദ്ദേശിച്ചുകൊണ്ട് നടത്തുന്ന പദ്ധതിയാണ് സ്വാസ്ഥ്യം. ഔഷധങ്ങളോടൊപ്പം യോഗ ,​ മെഡിറ്റേഷൻ കൗൺസിലിംഗ് എന്നിവയ്ക്കും ഈ പദ്ധതിയിൽ പ്രാധാന്യം നൽകുന്നു. സുഖായുഷ്യം എന്നത് 60 വയസിന് മുകളിൽ പ്രായമുള്ള ആളുകളെ പൊതുവായ ആരോഗ്യ സംരക്ഷണൺ ലക്ഷ്യമാക്കിയുള്ളതാണ്. . പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ജില്ലയിലെമ്പാടും നടത്തുക , ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുക,​ പ്രതിരോധ ഔഷധ വിതരണം നടത്തുക,​ ഔഷധ സസ്യങ്ങളുടെ വിത്തുകളും തൈകളും ജനങ്ങൾക്ക് ലഭ്യമാക്കുക,​ ഔഷധ സസ്യകൃഷി എല്ലാ വീടുകളിലും പ്രാവർത്തികമാക്കുക എന്നി ലക്ഷ്യങ്ങളെ മുൻനിർത്തിയാണ് ടാസ്ക് ഫോഴ്സിെൻറ പ്രവർത്തനങ്ങൾ നടന്ന് വരുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങൾക്കനുസരിച്ച് ​സമൂഹത്തിൽ പടർന്ന് പിടിക്കുന്ന വിവിധ തരത്തിലുള്ള പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ജനങ്ങളെ സ്വയം സജ്ജരാക്കുക എന്നതാണ് ടാസ്ക് ഫോഴ്സിനെ പരമ ലക്ഷ്യമെന്ന് ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.പി ശുഭ അറിയിച്ചു.