കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകൾ ഓടും
തൊടുപുഴ: നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്നു മുതൽ ജില്ലയിൽ കെ.എസ്.ആർ.ടി.സി- സ്വകാര്യ ബസുകൾ ഭാഗികമായി സർവീസ് നടത്തും. തുടക്കമെന്ന നിലയിൽ കെ.എസ്.ആർ.ടി.സി വളരെക്കുറിച്ച് ബസുകൾ മാത്രമാണ് സർവീസ് നടത്തുക. 52 ബസുകളുള്ള തൊടുപുഴ ഡിപ്പോയിൽ നിന്ന് 11 ബസുകളാണ് ഇന്ന് സർവീസ് നടത്തുന്നത്. 44 ബസുകളുള്ള കട്ടപ്പനയിൽ നിന്ന് 10 ബസുകളും. മറ്റ് ഡിപ്പോകളും നാമമാത്രമായി സർവീസുകൾ നടത്തും. ഓർഡിനറി ബസുകളാണ് സർവീസ് നടത്തുക സ്വകാര്യ ബസുകൾ പകുതിയിൽ താഴെ മാത്രമേ സർവീസ് നടത്തൂ. ജില്ലയിൽ അഞ്ഞൂറോളം സ്വകാര്യ ബസുകത്തുള്ളതിൽ ഇരുന്നൂറിൽ താഴെ ബസുളെ ഓടൂ. ലോക്ക്ഡൗൺ നിലനിൽക്കുന്നതിനാൽ കാര്യമായ യാത്രക്കാരുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.
ജില്ല കടക്കുന്നതിൽ ആശയക്കുഴപ്പം
അന്തർജില്ലാ സർവീസുകളൊന്നും നിലവിലുണ്ടാകില്ല. എന്നാൽ തൊടുപുഴയിൽ നിന്ന് എറണാകുളം ജില്ലയിൽ പ്രവേശിച്ച് കടന്നുപോകേണ്ട അടിമാലിയിലേക്ക് ഒരു ബസ് സർവീസ് നടത്താൻ കെ.എസ്.ആർ.ടി.സി തീരുമാനിച്ചിട്ടുണ്ട്. വൈക്കം ഭാഗത്തേക്ക് പോകുന്നവർക്കായി മാറിക വരെയും സർവീസ് നടത്തും. എന്നാൽ പാലാ റൂട്ടിലും മൂവാറ്റുപുഴ റൂട്ടിലും തത്കാലം സർവീസുകളുണ്ടാകില്ല. ഈരാറ്റുപേട്ട റൂട്ടിൽ മുട്ടം വരെ സർവീസുണ്ടാകും. സ്വകാര്യ ബസുകൾ അച്ചൻകവല വരെ സർവീസ് നടത്തിയ ശേഷം അവിടെ നിന്ന് വേറെ ബസ് മൂവാറ്റുപുഴയ്ക്ക് സർവീസ് നടത്തും. നെല്ലാപ്പാറയിലും ഇങ്ങനെ ചെയ്യും. അടിമാലിയ്ക്ക് സർവീസ് നടത്താൻ സ്വകാര്യബസുകൾക്കും കളക്ടർ അനുമതി നൽകിയിട്ടുണ്ട്.
സർവീസ് നിയന്ത്രണങ്ങൾ പാലിച്ച്
കൊവിഡ് നിബന്ധകൾ പാലിച്ചാകും ബസുകളെല്ലാം ഓടുക. ബസുകളെല്ലാം അണുനശീകരണം നടത്തിയ ശേഷമാകും സർവീസ് ആരംഭിക്കുക. സ്വകാര്യ ബസിലടക്കം ജീവനക്കാരെല്ലാം മാസ്കും ഗ്ലൗസും ധരിക്കണം. യാത്രക്കാരും മാസ്ക് ധരിക്കണം.
സാമൂഹ്യ അകലം പാലിച്ച് വേണം യാത്ര ചെയ്യാൻ. ബസുകളിലെല്ലാം സാനിറ്റൈസർ ഏർപ്പെടുത്തുകയെന്നത് പ്രായോഗികമല്ല. അതിനാൽ കൈകഴുകാൻ എല്ലാ സ്റ്റാൻഡിലും സൗകര്യമൊരുക്കും.
''തുടക്കമെന്ന നിലയിലാണ് നാമമാത്ര സർവീസ് നടത്തുന്നത്. യാത്രക്കാരുടെ എണ്ണം അനുസരിച്ച് റൂട്ടിലും സർവീസുകളുടെ എണ്ണത്തിലും വരുംദിവസങ്ങളിൽ മാറ്റം വരും.""
- ആർ. മനേഷ് (ഡി.ടി.ഒ)
''തത്കാലം പകുതി ബസുകൾ ഓടിക്കാനാണ് തീരുമാനം. കൂടുതൽ ഇളവുകൾ വരുന്നതനുസരിച്ച് കൂടുതൽ ബസുകൾ ഓടിക്കും.""
-കെ.കെ. തോമസ് ( ജില്ലാ പ്രസിഡന്റ്, ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ)