കട്ടപ്പന: വാത്തിക്കുടി പഞ്ചായത്തിലെ എൽ.ഡി.എഫ്. ഭരണസമിതിക്കെതിരെ യു.ഡി.എഫ്. അംഗങ്ങൾ അവിശ്വാസ പ്രമേയ നോട്ടീസ് നൽകി. വാർഷിക, തൊഴിലുറപ്പ് പദ്ധതികളിൽ ഭരണസമിതി നടത്തിയ ക്രമക്കേടുകൾ പുറത്തുവന്നതായും പ്രതിപക്ഷം ആരോപിച്ചു. നിലവിൽ എൽ.ഡി.എഫ്നും , യു.ഡി.എഫ്നും ഒൻപത് അംഗങ്ങളാണുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ തൊഴിലുറപ്പ് പദ്ധതിപ്രകാരം നടത്തിയ തൊഴുത്ത്, ആട്ടിൻകൂട്, കോഴിക്കൂട് നിർമാണം, 54 ഗ്രാമീണ റോഡുകളുടെ കോൺക്രീറ്റിംഗ് എന്നിവയിൽ വൻ അഴിമതി നടന്നതായി യു.ഡി.എഫ്. നേതാക്കൾ ആരോപിച്ചു. കോഴിക്കൂട് നിർമാണത്തിന്റെ ടെൻഡൻ നടപടികൾ പഞ്ചായത്ത് കമ്മിറ്റി അറിഞ്ഞിട്ടില്ല. ഗുണനിലവാരമില്ലാത്ത സാധനങ്ങൾ ഉപയോഗിച്ചാണ് നിർമാണങ്ങൾ നടത്തിയത്. ചാണകപ്പൊടി വാഹനത്തിൽ എത്തിച്ചുനൽകുന്ന പദ്ധതിയും നടപ്പായില്ല. 2017-18 വർഷത്തിൽ വഴിവിളക്ക് പദ്ധതിയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് 20 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഓഡിറ്റ് വിഭാഗം പഞ്ചായത്ത് ഭരണസമിതിയോട് നിർദേശിച്ചിരുന്നു. തൊഴിലുറപ്പ് പദ്ധതിയിലെ പ്രവൃത്തികൾക്ക് സാധനസാമഗ്രികൾ ഇറക്കുമതി ചെയ്യുന്നതിലെ ക്രമക്കേട് ചൂണ്ടിക്കാട്ടി യു.ഡി.എഫ്. അംഗങ്ങൾ പരാതി നൽകിയിട്ടുണ്ട്. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെ താത്പര്യങ്ങൾക്ക് അനുസരിച്ചാണ് ഭരണസമിതി പ്രവർത്തിക്കുന്നതെന്നും നേതാക്കളായ വിജയകുമാർ മറ്റക്കര, മിനി സാബു, കെ.ബി. സെൽവം, കെ.ജെ. സെബാസ്റ്റ്യൻ, ടോമി തെങ്ങുംപള്ളിൽ എന്നിവർ ആരോപിച്ചു.