മുല്ലപ്പെരിയാർ വിഷയം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരും
ഇടുക്കി: ഇടുക്കി സംഭരണിയിലെ ജലനിരപ്പിൽ ആശങ്കവേണ്ടെന്ന് മന്ത്രി എം എം മണി. നിലവിൽ കഴിഞ്ഞ വർഷത്തിനേത് അപേക്ഷിച്ച് 20 അടി വെള്ളം കൂടുതലുണ്ടെങ്കിലും ആശങ്ക വേണ്ടെന്ന് കലക്ട്രേറ്റിൽ ചേർന്ന ഡാം സേഫ്ടി യോഗത്തിൽ മന്ത്രി അറിയിച്ചു. 2343.7 അടി വെള്ളമാണ് ഇപ്പോൾ ഇടുക്കി സംഭരണിയിൽ ഉള്ളത്. ജലനിരപ്പ് 2373 അടിയിലേറെയെത്തിയാൽ മുൻ കരുതലെന്ന നിലയിൽ വെള്ളം തുറന്നുവിടുന്നതിനെക്കുറിച്ച് ആലോചിക്കും. മൂലമറ്റത്ത് പൂർണ്ണതോതിൽ വൈദ്യുതി ഉത്പ്പാദിപ്പിക്കാനാകത്തതാണ് ജല നിരപ്പ് കഴിഞ്ഞ വർഷത്തിലേതിനേക്കാൾ കൂടാൻ കാരണം. മുൻകരുതൽ നടപടികൾ ഉടൻ ആരംഭിക്കും. പ്രളയ ബാധിത സാധ്യതയുള്ള പ്രദേശത്തെ ആളുകളെ വളരെ നേരത്തെ തന്നെ മുന്നറിയിപ്പ് നൽകി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റും. എറണാകുളം ജില്ലാ കലക്ടറേയും ഡാം സുരക്ഷ മുൻ കരുതൽ നടപടികൾ മുൻകൂട്ടി അറിയിക്കും. മുല്ലപ്പെരിയാർ പ്രശ്‌നം സംസ്ഥാന സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവരുന്നതിന് വിശദാംശങ്ങൾ നൽകാൻ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു. ജല സ്രോതസ്സുകളുടെ നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള മാലിന്യ നീക്കം ആരംഭിച്ചു. മഴക്കാല പൂർവ്വ ദുരന്ത പ്രതിരോധ മുന്നൊരുക്കങ്ങളുടെ ഭാഗമായി വഴിവിളക്കുകളുടെ അറ്റകുറ്റപണി മഴയ്ക്കുമുൻപേ തീർക്കുമെന്നും മന്ത്രി പറഞ്ഞു.എം എൽ എ മാരായ എസ്. രാജേന്ദ്രൻ, റോഷി അഗസ്റ്റിൻ, ഇ എസ് ബിജിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്യാ പൗലോസ്, ജില്ലാ കലക്ടർ എച്ച് ദിനേശൻ, ജില്ലാ പൊലീസ് മേധാവി പി കെ മധു, എഡിഎം ആന്റണി സ്‌കറിയ, ഡാം സേഫ്റ്റ് എക്‌സിക്യൂട്ടീവ് എൻജിനീയർ അലോഷി സി പോൾ, മൈനർ ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എൻജിനീയർ ബിനു ബേബി, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ കെവി കുര്യാക്കോസ്, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എൻ സതീഷ് കുമാർ എന്നിവർ യോഗത്തിൽ സംബന്ധിച്ചു.