മൂലമറ്റം: എടാട് അന്ത്യൻ പാറയിൽ മണ്ണിടിച്ചിലിനെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം ഭാഗികമായി തടസപ്പെട്ടു.മണ്ണിനൊപ്പം വലിയ പാറ കഷണങ്ങളും റോഡിലേക്ക് പതിച്ചിരുന്നു. മണ്ണിടിഞ്ഞ ഭാഗത്ത് അപകടകരമായ വിധം വേറെയും പാറക്കൂട്ടങ്ങളുണ്ട്. പുറമ്പോക്ക് ഭാഗത്ത് അപകടകരമായി നിൽക്കുന്ന പാറക്കൂട്ടങ്ങൾ പൊട്ടിച്ചു മാറ്റുക ഏറെ ശ്രമകരമാണ്.റോഡിന്റെ താഴെ ഭാഗത്ത് നിരവധി കുടുബങ്ങളാണ് താമസിക്കുന്നുണ്ട്. കഴിഞ്ഞ മഴക്കാലത്തും ഇവിടെ പാറ കഷണങ്ങളും മണ്ണും ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടിരുന്നു. മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് ചെറുവാഹനങ്ങൾ മാത്രമേ കടന്ന് പോകുകയുള്ളൂ.മഴ ശക്തമാകുന്നതോടെ കൂടുതൽ ഭാഗത്ത് മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. അപകടകരമായ പാറകൾ പൊട്ടിച്ച് മാറ്റണമെന്ന് പഞ്ചായത്ത്‌, റവന്യു, പൊതുമരാമത്ത് അധികൃതർക്ക് പ്രദേശ വാസികൾ നിരവധി നിവേദനങ്ങൾ നൽകിയെങ്കിലും നടപടികൾ അനന്തമായി നീളുകയാണ്.