കട്ടപ്പന: കാഞ്ചിയാർ പഞ്ചായത്തിലെ പുതുക്കാട്ടെ തരിശുഭൂമികൾ വിളനിലമാകുന്നു. സംസ്ഥാന സർക്കാരിന്റെ സുഭിഷം പദ്ധതി പ്രകാരമാണ് തൊഴിലുറപ്പിലൂടെ നിലമൊരുക്കി കൃഷിയിറക്കുന്നത്. പുതുക്കാട് ആറാം വാർഡിലെ 10 മേഖലകളിലെ തരിശുനിലങ്ങൾ കൃഷിയോഗ്യമാക്കുന്നതിനുള്ള ജോലികളിലാണ് തൊഴിലുറപ്പ് തൊഴിലാളികൾ. ആദ്യഘട്ടത്തിൽ വാഴ, കപ്പ, ചേന, ചേമ്പ്, കാച്ചിൽ എന്നിവ കൃഷി ചെയ്യും. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കഞ്ചിയാർ രാജൻ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ജൂൺ അഞ്ചിന് നടീൽ ഉത്സവം നടത്തി വിത്തുകൾ വിതരണം ചെയ്യുമെന്ന് ഗ്രാമപഞ്ചായത്തംഗം മാത്യു ജോർജ് പറഞ്ഞു. കമലമ്മ ബാബു, മേരിക്കുട്ടി ജോണി തുടങ്ങിയവർ നേതൃത്വം നൽകി.