തൊടുപുഴ: സംസ്ഥാനത്ത് ആട്ടോറിക്ഷകൾ ഇന്നലെ മുതൽ തന്നെ സവാരി ആരംഭിച്ചെങ്കിലും നിരാശയായിരുന്നു ഫലം. യാത്രക്കാർ കുറവായതിനെ തുടർന്ന് ഉച്ചയോടെ പലരും സവാരി അവസാനിപ്പിച്ച് വീട്ടിലേക്ക് മടങ്ങി. രാവിലെ മുതൽ വൈകിട്ട് വരെ സ്റ്റാൻഡിൽ കിടന്നിട്ടും രണ്ടോ മൂന്നോ ഓട്ടം മാത്രം ലഭിച്ചവരുണ്ട്.
ബസുകളടക്കം സർവീസ് നടത്താത്തതും തൊഴിലാളികളടക്കം എത്തിച്ചേരാത്തതുമാണ് യാത്രക്കാരുടെ എണ്ണം കുറയാൻ കാരണം.
ആട്ടോറിക്ഷകൾ ഓടിതുടങ്ങിയ കാര്യം അറിയാത്തതിനാൽ ജനം സ്വകാര്യ വാഹനങ്ങളിലെത്തി മടങ്ങുകയാണ്. ഇന്ന് മുതൽ കൂടുതൽ പേർ നഗരത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് ഇവർ.
ആളെ എണ്ണി എങ്ങനെ ഓടും
ആട്ടോറിക്ഷകളിൽ ഒരാൾ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിർദേശം. കുടുംബാംഗങ്ങളാണെങ്കിൽ മൂന്നുപേർക്ക് സഞ്ചരിക്കാം. ഈ മാനദണ്ഡങ്ങൾ പാലിച്ച് എങ്ങനെ ഓടുമെന്നാണ് ആശങ്ക. നാലംഗ കുടുംബമോ രണ്ട് സുഹൃത്തുക്കളോ വന്നാൽ എന്ത് ചെയ്യും. നിയമം തെറ്റിച്ച് ഓടിയാൽ പൊലീസിന്റെ പിഴ കൂടുതൽ ധനനഷ്ടത്തിന് ഇടയാക്കും.
'ഒരു യാത്രക്കാരനെ മാത്രം കയറ്റിയുള്ള ഓട്ടം പ്രായോഗികമല്ല. കൂടുതൽ ഇളവുകളില്ലാതെ ആട്ടോ ഓടിച്ച് ജീവിക്കാനാകില്ല."
- ശിവൻ (ആട്ടോറിക്ഷാ ഡ്രൈവർ)