തൊടുപുഴ: ഓരോ വ്യക്തികളെയും ബാർബറുടെ വിലയറിയിച്ചാണ് ലോക്ക്‌ഡൗൺ ഇതുവരെ കടന്നുപോയത്. സ്വന്തമായി ഷേവ് പോലും ചെയ്യിക്കാത്തവരെ കൊണ്ട് മുടിവരെ വെട്ടിച്ചു. ഏതായാലും കാത്തരിപ്പിന് വിരാമമിട്ട് ഇന്ന് മുതൽ ബാർബർ ഷോപ്പുകൾ തുറക്കും. പക്ഷേ, ഫേഷ്യൽ നടക്കില്ല. ഹെയർ കട്ടിംഗ്, ഷേവിംഗ്, ഡ്രസിംഗ് എന്നിവക്ക് മാത്രമാണ് അനുമതി. എ.സി പ്രവർത്തിപ്പിക്കാൻ പാടില്ല. എന്നാൽ സൗന്ദര്യവർദ്ധനവിന് ബ്യൂട്ടിപാർലറുകളെ ആശ്രയിക്കുന്ന സ്ത്രീകൾ ഇനിയും കാത്തിരിക്കണം. ബാർബർ ഷോപ്പുകളെല്ലാം തന്നെ അണുവിമുക്തമാക്കിയും ശുചീകരിച്ചും പ്രവർത്തിക്കാൻ സജ്ജമായിക്കഴിഞ്ഞു. സർക്കാർ നൽകിയിരിക്കുന്ന മാൾഗ നിർദേശങ്ങൾ അനുസരിച്ചാകും പ്രവർത്തനം. മുടിവെട്ടാൻ ഒരോരുത്തർക്കും പ്രത്യേക ടവൽ ഉപയോഗിക്കാനാണ് നിർദേശം. കടയിൽ രണ്ടുപേർക്ക് മാത്രം കാത്തിരിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്.
''ടവൽ വീടുകളിൽ നിന്ന് കൊണ്ടു വരുന്നതാകും സൗകര്യം. സാനിറ്റെസർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്."
-ദിനേശ് സോമൻ (ബാർബർ)