കട്ടപ്പന: ഇരട്ടയാർ പഞ്ചായത്തിലെ പള്ളിക്കാനം രാജാക്കടകിളിത്തട്ട് റോഡ് നിർമാണം പൂർത്തിയായി. എം.എൽ.എ, ഗ്രാമപഞ്ചായത്ത് ഫണ്ടുകൾ ഉപയോഗിച്ചാണ് ടാറിംഗും കോൺക്രീറ്റിംഗും നടത്തി സഞ്ചാരയോഗ്യമാക്കിയത്. നാലുപതിറ്റാണ്ടിലധികം പഴക്കമുള്ള റോഡ് വർഷങ്ങളായി തകർന്ന നിലയിലായിരുന്നു. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയാത്ത സ്ഥിതിയായതോടെ നാട്ടുകാരുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് തുക അനുവദിച്ചത്. നിരപ്പായ ഭാഗങ്ങളിൽ ടാറിംഗും കയറ്റമുള്ള ഭാഗങ്ങളിൽ കോൺക്രീറ്റിംഗും നടത്തി. പ്രദേശവാസികളുടെ സഹകരണത്തോടെയാണ് ജോലികൾ പൂർത്തീകരിച്ചത്.