തൊടുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത്‌വിംഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം പ്രധാനമന്ത്രിക്ക് ഒരു ലക്ഷം കത്തുകൾ അയക്കുന്നതിന്റെ ഭാഗമായി തൊടുപുഴ മർച്ചന്റ്സ് യൂത്ത്‌വിംഗ് 1500 കത്തുകൾ അയച്ചു. വായ്പകളുടെ മൊറട്ടോറിയം ഒരു വർഷമാക്കുക, മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുക, വ്യാപാര മേഖലയ്ക്ക് പാക്കേജ് അനുവദിക്കുക, ചെറുകിട വ്യാപാരികൾക്ക് 10000 രൂപ ഗ്രാന്റ് അനുവദിക്കുക, ജി.എസ്.ടി കാലാവധി ഡിസംബർ 31 വരെ നീട്ടുകയും പിഴപലിശ ഒഴിവാക്കുകയും ചെയ്യുക തുടങ്ങിയ പ്രശ്‌നങ്ങളാണ് കത്തിൽ ഉന്നയിച്ചത്. തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് ടി.സി. രാജു തരിണിയിൽ ഉദ്ഘാടനം ചെയ്തു. യൂത്ത്‌വിംഗ് പ്രസിഡന്റ് താജു എം.ബി, ജനറൽ സെക്രട്ടറി രമേഷ് പി.കെ, ട്രഷറർ മനു തോമസ്, വൈസ് പ്രസിഡന്റ് സരിൻ സി.യു, ജോ. സെക്രട്ടറി ജോഷി ജോർജ്, മുൻ യൂത്ത് വിംഗ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസ് എന്നിവർ പങ്കെടുത്തു.