തൊടുപുഴ: മരണ വീട് കൊള്ളയടിക്കുംപോലെയാണ് കേന്ദ്ര സർക്കാരിന്റെ 20 ലക്ഷം കോടി രൂപയുടെ പാക്കേജെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. കൊവിഡിന്റെ മറവിൽ രാജ്യത്തിന്റെ മണ്ണും വിണ്ണും വിദേശമൂലധന ശക്തികൾക്ക് തീറെഴുതാനുള്ള കേന്ദ്രത്തിന്റെ നയത്തിനെതിരെ തൊടുപുഴ ബി.എസ്.എൻ.എൽ ഓഫീസിനു മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യവും ജനങ്ങളും ചരിത്രത്തിൽ ഇന്നോളം കേട്ടിട്ടില്ലാത്ത പ്രതിസന്ധികളിൽപ്പെട്ട് ഉഴലുമ്പോൾ അവരെ സഹായിക്കുന്നതിന് പകരം ഭൂമിയും ആകാശവും വിദേശ മൂലധന ശക്തികൾക്ക് തീറെഴുതി കൊടിക്കുന്ന തിരക്കിലാണ് കേന്ദ്രഭരണാധികാരികൾ. രാജ്യത്തെ കോടാനു കോടികൃഷിക്കാർ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലൂടെ മുന്നോട്ട്
നീങ്ങുന്നവരാണ്. കൊറോണ കാലത്ത് വലിയ സമരങ്ങൾസംഘടിപ്പിക്കാൻ കഴിയില്ലെന്ന് അറിയാവുന്ന കേന്ദ്ര ഭരണാധികാരികൾ ആണവ,പ്രതിരോധ, ഊർജ്ജ മേഖലകളെല്ലാം വിദേശ മൂലധന ശക്തികൾക്ക് തീറുകൊടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന കൗൺസിൽ അംഗം കെ. സലിംകുമാർ, താലൂക്ക് സെക്രട്ടറി പി.പി. ജോയി, വി.ആർ. പ്രമോദ്, അമൽ അശോകൻ, കെ.കെ. നിഷാദ് എന്നിവർ നേതൃത്വം നൽകി.