തൊടുപുഴ: ജില്ലയ്ക്ക് ആശ്വാസകരമായി കഴിഞ്ഞ നാല് ദിവസമായി പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യുന്നില്ല. ജില്ലയിൽ ഒരാൾ കൂടി മാത്രമാണ് രോഗമുക്തി നേടാനുള്ളത്. കഴിഞ്ഞ 15 നാണ് ഇദ്ദേഹത്തെ രോഗബാധയെ തുടർന്ന് ചികൽസയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ പരിശോധനാഫലം നെഗറ്റീവായിരുന്നു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 2133 ആയി. അഞ്ച് പേർ ആശുപത്രിയിലും 2128 പേർ വീടുകളിലുമാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇന്നലെ 209 പേരെ നിരീക്ഷണത്തിലാക്കിയപ്പോൾ 197 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. ഇതു വരെ ജില്ലയിൽ 3025 പേർ സാമ്പിൾ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ട്. ഇതിൽ ഫലം വന്ന 2787 സാമ്പിളുകളും നെഗറ്റീവായിരുന്നു. ഇന്നലെ ഫലം വന്ന 39 സാമ്പിളുകളും നെഗറ്റീവാണ്. ഇന്നലെ പരിശോധനയ്ക്ക് അയച്ച 117 സാമ്പിളുകൾ ഉൾപ്പെടെ 195 സാമ്പിളുകളുടെ ഫലമാണ് ഇനി ലഭിക്കാനുള്ളത്. ഇന്നലെ ഹോം ക്വാറന്റയ്ൻ സംഘങ്ങൾ 367 വീടുകൾ സന്ദർശിച്ചു. 81 അന്യസംസ്ഥാന തൊഴിലാളികളെയും മെഡിക്കൽ സംഘം പരിശോധനയ്ക്ക് വിധേയരാക്കി.