 ബസുകളിൽ യാത്രക്കാർ തീരെ കുറവ്

തൊടുപുഴ: ലോക്ക്ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ഇന്നലെ കെ.എസ്.ആർ.ടി.സിയും സ്വകാര്യ ബസുകളും ഭാഗികമായി നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാർ വളരെ കുറവായിരുന്നു. പല സർവീസുകളും അനുവദനീയമായതിനേക്കാൾ പകുതി യാത്രക്കാരെ വച്ചാണ് സർവീസ് നടത്തിയത്. അതിനാൽ എണ്ണം തികയുന്നതിനായി മണിക്കൂറുകളോളം ബസ് കാത്ത് കിടന്നു. സമയക്രമം പാലിക്കാതെയായിരുന്നു ഇന്നലത്തെ സർവീസ്. കെ.എസ്.ആർ.ടി.സി ജില്ലയിലാകെ 40 സർവീസ് നടത്തി. തൊടുപുഴയിൽ നിന്ന് കട്ടപ്പന, മൂന്നാർ, ഉപ്പുകുന്ന് വഴി ചെറുതോണി, വണ്ണപ്പുറം, തോപ്രാംകുടി, പൂമാല എന്നിവിടങ്ങളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തി. സ്വകാര്യ ബസ് ആദ്യം ഓടിയതിനാൽ രാവിലെ ഏഴിന് ആരംഭിച്ച പൂമാല സർവീസിന് റദ്ദാക്കി. തൊടുപുഴയിൽ നിന്ന് 15 സ്വകാര്യ ബസുകൾ മാത്രമാണ് സർവീസ് നടത്തിയത്. മൂലമറ്റം, വണ്ണപ്പുറം, ഉടുമ്പന്നൂർ, പൂമാല എന്നിവിടങ്ങളിലേക്കാണ് പ്റധാനമായും സർവീസ് നടത്തിയത്. മുട്ടത്തേക്കല്ലാതെ ജില്ലാ അതിർത്തികളിലേക്ക് ആരും ഓടിയില്ല. ചില സ്ഥലങ്ങളിലേക്ക് ബസ് ഇല്ലാത്തതിനാൽ പല യാത്രക്കാരും നിരാശരായി മടങ്ങി. യാത്രക്കാരും ജീവനക്കാരുമെല്ലാം മാസ്ക് ധരിച്ചായിരുന്നു യാത്ര ചെയ്തത്. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിൽ 'ബ്രേക്ക് ദ ചെയിന്റെ" ഭാഗമായി കൈകഴുകാൻ സംവിധാനമൊരുക്കിയിരുന്നെങ്കിൽ ഭൂരിഭാഗം പേരും ഉപയോഗിച്ചില്ല. അതേസമയം പ്രൈവറ്റ് സ്റ്റാൻഡിൽ ഇതുമുണ്ടായില്ല. ഇന്ന് മുതൽ കൂടുതൽ ജനം പുറത്തിറങ്ങുമെന്ന കണക്കുക്കൂട്ടലിൽ കൂടുതൽ സർവീസ് നടത്താനാണ് തീരുമാനം.