കട്ടപ്പന: ലോക്ക് ഡൗൺ ഇളവുകൾക്കുശേഷം നിർമാണങ്ങൾ പുനരാരംഭിച്ചെങ്കിലും അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവും വില വർദ്ധനയും തിരിച്ചടിയാകുന്നു. തമിഴ്‌നാട്ടിൽ നിന്നു സാധനങ്ങളുടെ വരവ് ഗണ്യമായി കുറഞ്ഞു. ക്രഷറുകളിൽ ഉത്പ്പാദനം കുറച്ചതും വില വർദ്ധനയ്ക്ക് കാരണമായി. പ്രവൃത്തികൾ നിർത്തിവയ്‌ക്കേണ്ട സ്ഥിതിയാണെന്നു കരാറുകാർ പറയുന്നു.

390 രൂപയായിരുന്ന ഒരുചാക്ക് സിമന്റിനു 50 മുതൽ 80 രൂപ വരെ കൂട്ടിയാണ് വിൽക്കുന്നത്. കമ്പി വില 45ൽ നിന്ന് 50 രൂപയിലെത്തി. 50 രൂപയായിരുന്ന എം. സാൻഡിന് 100 രൂപ വരെ ഈടാക്കുന്നു. 36 രൂപ വിലയുണ്ടായിരുന്ന പാറപ്പൊടി 45 രൂപയായി വർധിച്ചു. എട്ട് രൂപ വിലയായിരുന്ന കട്ടച്ചിറ ഇഷ്ടികയ്ക്ക് 11 രൂപയായി.

സാമ്പത്തിക പ്രതിസന്ധി തുടരുന്നതിനിടെ അസംസ്‌കൃത വസ്തുക്കളുടെ വിലയും കുത്തനെ ഉയർന്നത് നിർമാണ മേഖലയെ പിന്നോട്ടടിക്കും.തമിഴ്‌നാട്ടിൽ നിന്നുള്ള കയറ്റുമതി നിലച്ചതാണ് പ്രതിസന്ധി രൂക്ഷമാക്കിയത്. കൂടിയ വില നൽകാൻ ചിലർ തയാറാണെങ്കിലും ആവശ്യാനുസരണം സാധനങ്ങൾ കിട്ടാനില്ല. ക്രഷറുകളിൽ ഉത്പ്പാദനം കൂട്ടി ക്ഷാമം പരിഹരിക്കണമെന്നാണ് കരാറുകാർ ആവശ്യപ്പെടുന്നത്.