കട്ടപ്പന:ഒന്ന് കാറ്റുവീശുമ്പോൾ മണിയമ്മയുടെ ഉള്ളുപിടയും. ദ്രവിച്ച മേൽക്കൂരയിലേക്കു നോക്കി നെഞ്ചിൽ കൈവച്ചങ്ങനെ നിന്ന് പോകും. ഏതുനിമിഷവും നിലംപൊത്താറായ കൂരയ്ക്കുള്ളിൽ ഭീതിയുടെ നെരിപ്പോടുമായി ഈ അമ്മ മകനൊപ്പം ദിനങ്ങൾ തള്ളിനീക്കുകയാണ്. പ്രളയ ദുരിതാശ്വാസമായി ലഭിച്ച വീട് പൂർത്തീകരിച്ചു നൽകാതെ കരാറുകാരനും കൈയൊഴിഞ്ഞു. ആകെയുള്ള സമ്പാദ്യമായിരുന്ന വീട് 2018 ഓഗസ്റ്റ് 15ന് മണ്ണടിഞ്ഞതും കുടുംബാംഗങ്ങൾക്കൊപ്പം അത്ഭുതകരമായി രക്ഷപ്പെട്ടതും ഞെട്ടലോടെയാണ് മണിയമ്മ ഓർത്തെടുക്കുന്നത്. പ്രളയ പുനരധിവാസത്തിന്റെ ഭാഗമായി സ്ഥലവും വീടും ലഭിച്ചെങ്കിലും നിർമാണം പൂർത്തിയാകാത്തതിനാൽ ഇവിടേയ്ക്ക് മാറി താമസിക്കാനായിട്ടില്ല. മാസങ്ങളോളം വാടക വീട്ടിൽ താമസിച്ചശേഷം പ്രളയം കവർന്ന ദുരന്തഭൂമിയിൽ കൂര കെട്ടി താമസമാരംഭിക്കുകയായിരുന്നു. അടച്ചുറപ്പില്ലാത്ത വീട്ടിൽ കഴിയാൻ ഭയമായതിനാൽ മണിയമ്മയുടെ മരുമകളും കുഞ്ഞും കഴിഞ്ഞദിവസം ഇവിടെ നിന്നുപോയി.
സ്ഥലം വാങ്ങി വീടു നിർമിക്കാൻ 10 ലക്ഷം രൂപയാണ് കട്ടപ്പന പൂവേഴ്‌സ്മൗണ്ട് മോതിരപ്പള്ളിയിൽ എം.ആർ. മണിയമ്മയ്ക്ക് അനുവദിച്ചത്. വെള്ളയാംകുടി മർത്തോമ്മ പള്ളിക്കുസമീപം നഗരസഭ സർക്കാരിനു വിട്ടുകൊടുത്ത ഭൂമിയിൽ വീട് നിർമാണം ആരംഭിച്ചു. എന്നാൽ രണ്ടുവർഷം കഴിഞ്ഞിട്ടും കരാറുറകാരൻ വീട് പൂർത്തീകരിച്ച് കൈമാറിയിട്ടില്ല. മണിയമ്മയുടേത് ഉൾപ്പെടെ മൂന്നു വീടുകളുടെ നിർമാണം പാതിവഴിയിൽ നിലച്ചിരിക്കുകയാണ്. വീടിനായി വിവിധ ഘട്ടങ്ങളിലായി ലഭിച്ച നാലുലക്ഷം രൂപയും കരാറുകാരനു കൈമാറി.
വീടിന്റെ കോൺക്രീറ്റ് ജോലികൾക്കുശേഷം ഇയാൾ ഇവിടേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. വയറിംഗ്, തറയിടീൽ, അടുക്കള നിർമാണം തുടങ്ങിയ ജോലികളെല്ലാം അവശേഷിക്കുന്നു. ജനാലകളും വാതിലുകളും സ്ഥാപിച്ചിട്ടില്ല. നിരവധിതവണ കരാറുകാരനെ സമീപിച്ചെങ്കിലും പലകാരണങ്ങൾ പറഞ്ഞ് ജോലികൾ നീട്ടിക്കൊണ്ടുപോകുകയാണ്. മുഴുവൻ പണവും കൈമാറിയതിനാൽ റവന്യു അധികൃതർക്കും ഇടപെടാനാകില്ല. പൊലീസിൽ പരാതി നൽകിയിട്ടും പ്രയോജനമില്ല.
2018ലെ ദുരന്തബാധിത മേഖലയായ പൂവേഴ്‌സ് മൗണ്ടിലെ മലഞ്ചെരുവിൽ ഷീറ്റും പടുതയും ഉപയോഗിച്ചു മറച്ച താത്കാലിക കൂരയിലാണ് മണിയമ്മയും മകനും കഴിയുന്നത്. മേൽക്കൂരയിൽ പാകിയ തടിക്കഷണമെല്ലാം ദ്രവിച്ചനിലയിലാണ്. കഴിഞ്ഞദിവസം വേനൽമഴയ്‌ക്കൊപ്പമുണ്ടായ കനത്തകാറ്റിൽ കൂരയ്ക്ക് ഇളക്കം തട്ടിയിരുന്നു. മഹാപ്രളയത്തിനുശേഷം സ്ഥലം വാസയോഗ്യമല്ലെന്നു ഇവിടം സന്ദർശിച്ച റവന്യു സംഘം അറിയിച്ചിരുന്നു. പിന്നീട് കാറ്റും മഴയുമുണ്ടാകുമ്പോൾ അയൽവാസികളുടെ വീടുകളിലാണ് മണിയമ്മ അഭയം തേടുന്നത്.