കട്ടപ്പന: കെ.എസ്.ആർ.ടി.സി. സർവീസുകൾ ആരംഭിച്ച ആദ്യദിനത്തിൽ യാത്രക്കാരിൽ നിന്നു മികച്ച പ്രതികരണം. സർവീസുകൾ പുനരാരംഭിച്ചത് തൊഴിലാളികൾ ഉൾപ്പെടെയുള്ള ഹ്രസ്വദൂര യാത്രക്കാർക്ക് ആശ്വാസമായി. ഇളവുകൾ നിലവിൽ വന്നശേഷം നിർമാണ, തോട്ടം മേഖലകളിലെ തൊഴിലാളികൾ വൻതുക ടാക്‌സി കൂലി നൽകിയാണ് ജോലിക്കെത്തിയിരുന്നത്. കട്ടപ്പന ഡിപ്പോയിൽ നിന്നു ഇന്നലെ 11 ബസുകൾ സർവീസ് നടത്തി. തൊടുപുഴ, പീരുമേട് റൂട്ടുകളിലെ ബസുകളിലായിരുന്നു യാത്രക്കാർ കൂടുതൽ. യാത്രക്കാർ തീരെ കുറവായതിനാൽ തൊടുപുഴ റൂട്ടിൽ ഉച്ചയ്ക്ക് സർവീസ് നടത്തിയ രണ്ടു ബസുകൾ ഇന്നുമുതൽ ഉണ്ടാകില്ല. രാവിലെ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നിനുശേഷവും മാത്രമേ ഈ റൂട്ടിൽ ബസുകൾ ഉണ്ടാകൂവെന്ന് ഡിപ്പോ അധികൃതർ അറിയിച്ചു. ഇന്നലെ ഓടിയ മുഴുവൻ ബസുകളിലും സാനിറ്റൈസർ ലഭ്യമാക്കിയിരുന്നു. രണ്ടുപേരുടെ സീറ്റിൽ ഒരാൾക്കും മൂന്നുപേരുടെ സീറ്റിൽ രണ്ടുപേർക്കും മാത്രമാണ് യാത്രാനുമതിയുള്ളത്.