ഇടുക്കി: പിന്നാക്കമേഖലയിൽ ഓൺലൈൻ പഠന സൗകര്യങ്ങൾ ലഭ്യമല്ലാത്ത പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ പരീക്ഷ എഴുതാനിരിക്കുന്ന വിദ്യാർത്ഥികൾക്ക് ലോക്ഡൗൺ കാലത്ത് പഠന സാമഗ്രികൾ സമഗ്രശിക്ഷ കേരള) നേരിട്ടെത്തിക്കുന്നു. എസ്.സി/ എസ്.ടി വിഭാഗത്തിലെ കുട്ടികൾ, മലയോര മേഖല ഉൾപ്പെടെയുള്ള പിന്നാക്കമേഖലയിൽ താമസിക്കുന്നവർ, ഗോത്രവർഗ്ഗക്കാർ തുടങ്ങി ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ലാത്ത ജില്ലയിലെ വിദ്യാർത്ഥികൾക്കാണ് അവശേഷിക്കുന്ന പരീക്ഷകളുടെ പഠന സാമഗ്രികൾ വിതരണം ചെയ്യുക. ജില്ലയിലുള്ള രണ്ടായിരത്തോളം വിദ്യാർത്ഥികൾക്കാണ് പഠനസാമഗ്രികളും പരിശീലന പിന്തുണയും ഉറപ്പാക്കുകയെന്ന് സമഗ്രശിക്ഷ ജില്ലാ പ്രോജക്ട് കോർഡിനേറ്റർ ഡി ബിന്ദുമോൾ അറിയിച്ചു. പ്രാദേശിക പ്രതിഭാ കേന്ദ്രങ്ങൾ, സ്‌കൂളുകൾ, എം.ജി.എൽ.സി ഏകാദ്ധ്യാപക വിദ്യാലയങ്ങൾ എന്നിവയുടെ ഏകോപനത്തിലൂടെ പാർശ്വവൽകൃത മേഖലയിലെ കുട്ടികളെ സഹായിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.