കട്ടപ്പന: കാർഷിക മേഖലയോട് നീതി പുലർത്തണമെന്നാവശ്യപ്പെട്ട് കിസാൻ കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ നാളെ ജില്ലയിലെ 52 കൃഷിഭവനുകളുടെ മുമ്പിൽ കർഷക സമരം നടത്തും. 3000 കോടി കാർഷിക മേഖലയ്ക്ക് അനുവദിച്ചതായി മുഖ്യമന്ത്രി പറഞ്ഞത്. എന്നാൽ 1500 കോടി ഗ്രാമപഞ്ചായത്തുകൾ കണ്ടെത്തുകയും 1500 കോടി സഹകരണ ബാങ്കിൽ നിന്നു വായ്പയെടുക്കുകയും വേണം. തരിശുഭൂമി കൃഷിയോഗ്യമാക്കണമെന്നും പച്ചക്കറിക്കൃഷിയും നെൽക്കൃഷിയും ചെയ്യണമെന്നും മുഖ്യമന്ത്രി ആവർത്തിച്ച് പറയുമ്പോൾ പഞ്ചായത്തുകൾക്ക് പാക്കേജിന്റെ ഭാഗമായി തുകയൊന്നും നൽകിയിട്ടില്ല. അതേസമയം പഞ്ചായത്തുകളുടെ വാർഷിക പദ്ധതിയിൽ നിന്നു 30 ശതമാനം തുക വെട്ടിക്കുറച്ചു. പഞ്ചായത്തുകളുടെ തനക്ക് ഫണ്ടിൽ നിന്നും ഭീമമായ തുക കോവിഡ് ദുരിതാശ്വാസ ഫണ്ടിലേക്കു കൈപ്പറ്റുകയും ചെയ്തു. കൃഷി ചെയ്യാൻ പറയുന്ന സർക്കാർ, വന്യമൃഗങ്ങളുടെ ആക്രമണം തടയാൻ നടപടി സ്വീകരിച്ചിട്ടില്ല. അതിനാൽ ഭക്ഷ്യസുരക്ഷ കേരളത്തിൽ നടപ്പാകില്ല. വന്യമൃഗശല്യത്തിനു പരിഹാരം ഉണ്ടാക്കണമെന്നും കർഷകർക്ക് പലിശരഹിത വായ്പ അനുവദിക്കണമെന്നും തൊഴിലുറപ്പ് പദ്ധതി പൂർണമായും കാർഷിക മേഖലയിലേക്കു മാറ്റണമെന്നും ആന്റണി കുഴിക്കാട്ട് ആവശ്യപ്പെട്ടു.