കുമളി: ''കൊവിഡ് പ്രതിസന്ധി അവസാനിച്ച്, പൂർവ്വസ്ഥിതിയിലാകുന്നതോടെ ഞങ്ങൾ മടങ്ങിയെത്തും, ഞങ്ങൾക്ക് ഇവിടം പൂർണ്ണമായി ഉപേക്ഷിക്കാനാകില്ല' കുമളിയിൽ നിന്ന് കാശ്മീരിലേയ്ക്ക് മടങ്ങുന്ന ശ്രീനഗർ സ്വദേശി ഇംതിയാസ് അഹമ്മദ് ഷായുടെ വാക്കുകളാണിത്. തങ്ങൾ വർഷങ്ങളായി താമസിച്ച് ഉപജീവനം നടത്തിയ, തങ്ങളുടെ കുഞ്ഞുമക്കൾ ജനിച്ചു വളർന്ന കുമളിയെ എങ്ങനെ മറക്കാൻ.
തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിലേക്കെത്തുന്നവർക്ക് കരകൗശല വസ്തുക്കളും ഹാൻഡ് വർക്ക് ഡ്രസുകളുമായി കുമളിയിൽ സ്ഥാപനങ്ങൾ നടത്തിയിരുന്ന കാശ്മീരികളാണ് സ്വദേശത്തേയ്ക്ക് മടങ്ങിയത്. ലോക്ക് ഡൗൺ ടൂറിസം മേഖലയെ സാരമായി ബാധിതോടെ ഇവരുടെ വ്യാപാരവും നിലച്ചു.. ഇതേ തുടർന്നാണ് ഇവർ സ്വദേശത്തേക്ക് മടങ്ങാൻ തീരുമാനിച്ചത്. കുമളിയിൽ നിന്നും 101 കാശ്മീരികളാണ് സ്വദേശമായ കാശ്മീർ വാലിയിലേയ്ക്ക് ഇന്നലെ വൈകിട്ട് അഞ്ചേമുക്കാലോടെ യാത്ര തിരിച്ചത്. ഇതിൽ കൊച്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ
ഇരുപതോളം കുടുംബങ്ങളുണ്ട്. പുരുഷൻമാർ 56, സ്ത്രീകൾ 21, കുട്ടികൾ 24 എന്നിങ്ങനെയാണ് മടങ്ങിയവരുടെ എണ്ണം.
യാത്രാവേളയിൽ കഴിക്കാൻ ഭക്ഷണ കിറ്റും കുടിവെള്ളവും നല്കിയാണ് ജില്ലാ ഭരണകൂടം ഇവരെ കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രയാക്കിയത്. ഇവർക്കായുള്ള ഭക്ഷണ കിറ്റും വെള്ളവും വിതരണ ഉദ്ഘാടനം ഇടുക്കി ആർ ഡി ഒ അതുൽ .എസ് . സ്വാമിനാഥ് നിർവഹിച്ചു. ബസ് ചാർജ് ഈടാക്കാതെ മൂന്ന് ബസുകളിലായിട്ടാണ് ഇവരെ എറണാകുളം റെയിൽവേ സ്റ്റേഷനിലെത്തിച്ചത്. തൊടുപുഴയിൽ നിന്നും ആറ് ഹിമാചൽ പ്രദേശുകാരും നാല് പഞ്ചാബികളും ഇവരോടൊപ്പം മടങ്ങുന്നുണ്ട്. ഇടുക്കി ജില്ലാ സർവേ സൂപ്രണ്ട് എസ്.അബ്ദുൾ കലാം ആസാദ് ഇവരെ ട്രെയിനിൽ കയറ്റി യാത്രയാക്കുന്നതു വരെ ഒപ്പമുണ്ട്.
എറണാകുളത്തു നിന്നും രാത്രി 11.50 ന് തിരുവനന്തപുരം ഉദംപൂർ ടെയിനിൽ യാത്ര തുടരുന്ന ഇവർ 23 ന് ഉച്ചയ്ക്ക് 1.55 ന് കാശ്മീരിലെ ഉദംപൂർ റെയിൽവേ സ്റ്റേഷനിൽ എത്തിച്ചേരും.
സംസ്ഥാനത്തു നിന്നും ആകെ 761 കാശ്മീരികളാണ് ഈ ട്രെയിനിൽ സ്വദേശത്തേയ്ക്ക് മടങ്ങുന്നത്.. കശ്മീർ ഭരണകൂടമാണ് ഇവരുടെ ട്രെയിൻ യാത്രാ ചെലവ് വഹിക്കുന്നത്.
ഇരുപത് വർഷത്തോളമായി കുമളിയിൽ സ്ഥിരതാമസക്കാരാണ് ഇന്നലെ മടങ്ങിയ കാശ്മീരികളിൽ ഭൂരിഭാഗവും. ഇവരുടെ കുട്ടികളിൽ പലരും ഇവിടെ ജനിച്ചവരാണ്. ഇവിടുത്തെ സ്‌കൂളുകളിലാണ് പഠിക്കുന്നത്. എല്ലാ വർഷവും സ്‌കൂൾ അവധിക്കാലത്താണ് ഇവർ സ്വദേശത്ത് പോയി ബന്ധുക്കളെ സന്ദർശിച്ചിരുന്നത്.