കട്ടപ്പന: മത്സ്യക്കുളം നിർമിക്കാനായി മണ്ണ് നീക്കിയപ്പോൾ കണ്ടെത്തിയ മൺകുടങ്ങളിൽ മുത്തുകളും അസ്ഥിയും. മൈലാടുംപാറ ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിനുസമീപം കമ്പിയിൽ ബിനോയുടെ പുരയിടത്തിലാണ് കഴിഞ്ഞദിവസം മൺകുടങ്ങൾ കണ്ടത്. മീൻ വളർത്തുന്നതിനായി കുളം നിർമിക്കുന്നതിടെ മണ്ണ് നീക്കിയപ്പോൾ മൂന്നടിയോളം വലുപ്പമുള്ള രണ്ടുകുടങ്ങൾ ലഭിച്ചു. ഇവ തുറന്നപ്പോഴാണ് നാലോളം ചെറിയ മൺകുടങ്ങളും അതിനുള്ളിൽ വിവിധ നിറത്തിലുള്ള മുത്തുകളും അസ്ഥിക്കഷണങ്ങളും കണ്ടെത്തിയത്. തുടർന്ന് പൊലീസിൽ വിവരമറിയിച്ചു. കുളത്തിന്റെ നിർമാണം നിർത്തിയിരിക്കുകയാണ്. ഉടുമ്പൻചോല തഹസിൽദാർ സ്ഥലത്തെത്തി കുടങ്ങളും മറ്റു വസ്തുക്കളും താലൂക്ക് ഓഫീസിലേക്ക് കൊണ്ടുപോയി.