തൊടുപുഴ: കൊവിഡ് കാലത്ത് ബാർബർ ഷോപ്പുകളെല്ലാം വളരെ വ്യത്യസ്തമാണ്. ലോക്ക്ഡൗൺ കാലം മുഴുവൻ നീട്ടി വളർത്തിയ താടിയും മുടിയുമായെത്തുന്നവർ വലിയ നിബന്ധനകൾ പാലിക്കണം. വൃത്തിയുള്ള തുണിയും ടവ്വലും സ്വയം കൊണ്ടുവരണം. ടിഷ്യു പേപ്പർ മാതൃകയിൽ പ്ലാസ്റ്റിക്ക് ചേർന്ന തുണി ചില കടകളിൽ കരുതിയിട്ടുണ്ട്. എന്നാൽ ഇതുപയോഗിക്കുമ്പോൾ ഒരാളിൽ നിന്ന് പത്ത് മുതൽ ഇരുപത് രൂപവരെ അധികം ഈടാക്കും. ചിലയിടത്ത് വരുന്നവരുടെ പേരും മേൽവിലാസവും ഫോൺ നമ്പരും എഴുതി വാങ്ങുന്നുണ്ട്. ചിലർ അപരിചതരെ അടുപ്പിക്കുന്നില്ല. ഒരേ സമയം രണ്ട് പേരിൽ കൂടുതൽ കടയിൽ പാടില്ല. ജലദോഷവും പനിയുമുള്ളവർക്കും വിലക്കുണ്ട്. എല്ലാവർക്കും മാസ്‌ക് നിർബന്ധം. എ.സി കടകളിലെല്ലാം എ.സി ഓഫാക്കിയിരുന്നു. ചിലർ മാനദണ്ഡങ്ങളൊന്നും അത്ര പാലിക്കുന്നില്ലെന്ന ആക്ഷേപമുണ്ട്. അന്യസംസ്ഥാന തൊഴിലാളികൾ വെട്ടുകാരായ കടയിൽ ജോലിക്കാരില്ലാത്ത സ്ഥിതിയുണ്ട്. ഇന്നലെ പൊതുവെ ഉപഭോക്താക്കളുടെ എണ്ണം കുറവായിരുന്നു. എങ്കിലും കടകളിലെല്ലാം ചർച്ചാ വിഷയം 'കൊവിഡ് പണി പറ്റിച്ചത് തന്നെ"