കട്ടപ്പന: ചക്കുപളളം ഗ്രാമപഞ്ചായത്തിലെ 12ാം വാർഡ് സാനിട്ടേഷൻ സമിതിയുടെ നേതൃത്വത്തിൽ ആറാംമൈൽ, മേനോൻമേട്, അഞ്ചാംമൈൽ, ഒട്ടകത്തലമേട് എന്നിവിടങ്ങൾ അണുമുക്തമാക്കി. പ്രധാന പാതകളുടെ ഇരുവശങ്ങളും വ്യാപാര സ്ഥാപനങ്ങളുടെ മുൻവശവും അംഗൻവാടി, പകൽവീട് തുടങ്ങിയ പൊതു സ്ഥാപനങ്ങളുടെ പരിസരങ്ങളിലും ക്ലോറിൻലായനി തളിച്ചു. കൂടാതെ മഴക്കാല പൂർവ ശുചീകരണത്തിന്റെ ഭാഗമായി വീടുകളിലും ശുചീകരണം ആരംഭിച്ചു. പഞ്ചായത്ത് അംഗം ആന്റണി കുഴിക്കാട്ട് ഉദ്ഘാടനം ചെയ്തു. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ എം.ആർ. രജനി, ആശ പ്രവർത്തക സുമ നന്ദൻ, പൊതു പ്രവർത്തകരായ മനോജ് മണ്ണിൽ, ബേബി മധുരത്തിൽ, രഞ്ജിത് പാലയ്ക്കൽ, മോബിൻ ബിനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.