ഇടുക്കി: മുല്ലപ്പെരിയാർ ഡാമിന്റെ സമീപപ്രദേശമായ വള്ളക്കടവിൽ ഭൂചലനം. ബുധനാഴ്ച പുലർച്ചെ മൂന്നിന് ശേഷമാണ് ഭൂചലനം ഉണ്ടായത്. ഇടുക്കിയിലെ ഭൂകമ്പമാപിനിയിൽ 2.3 ഉം ആലടിയിൽ 2.5ഉം കുളമാവിൽ രണ്ടും തീവ്രത രേഖപ്പെടുത്തി. നെടുങ്കണ്ടത്തിനടുത്ത് തൂക്കുപാലമാണ് പ്രഭവകേന്ദ്രമെന്ന് കരുതുന്നു. വള്ളക്കടവ് മുതൽ കറുപ്പു പാലം വരെയുള്ള പ്രദേശങ്ങളിൽ ഇതിന്റെ പ്രകമ്പനം ഉണ്ടായതായാണ് പ്രദേശവാസികൾ പറയുന്നു. വള്ളക്കടവ് സത്രത്തിന് സമീപം വൈദ്യുതി വകുപ്പിന്റെ ഭൂകമ്പമാപിനി കേന്ദ്രം പ്രവർത്തിക്കുന്നുണ്ടെങ്കിലും ഇവിടെ ജീവനക്കാർ ഇല്ലാത്തതിനാൽ വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.