തൊടുപുഴ: ലോക്ക് ഡൗൺ ഇളവുകളെ തുടർന്ന് ഏതാനും കെ എസ് ആർ ടി സി-സ്വകര്യ ബസുകൾ ഇന്നലെയും നിരത്തിലിറങ്ങിയെങ്കിലും യാത്രക്കാർ കുറവായിരുന്നു. സ്റ്റാന്റുകളിലും ബസ് സ്റ്റോപ്പുകളിലും ഏറെ സമയം ആളുകളെ കാത്ത് കിടന്നെങ്കിലും അനുവദിക്കപ്പെട്ട യാത്രക്കാർപോലും ഇല്ലാതെയാണ് മിക്ക ബസുകളും സർവീസ് നടത്തിയത്. വരും ദിനങ്ങളിൽ സ്ഥിതി മെച്ചപ്പെടുമെന്ന പ്രതീക്ഷയിൽ സർവ്വീസുകൾ തുടരാനാണ് അധികൃതർ തീരുമാനിച്ചിട്ടുള്ളത്. തൊടുപുഴ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്ന് ഇന്നലെ13 സർവീസുകൾ നടത്തി.ചെറുതോണി - കട്ടപ്പന, വണ്ണപ്പുറം -ഉപ്പുകുന്ന് -കട്ടപ്പന, പെരിങ്ങാശ്ശേരി, അടിമാലി,മൂലമറ്റം, ഉടുമ്പന്നൂർ എന്നിങ്ങനെയാണ് പ്രധാനമായും നടത്തിയ സർവീസ്.

കഴിഞ്ഞ ദിവസം നെടുങ്കണ്ടം ഡിപ്പോയിൽ കെഎസ്ആർടിസി ബസുകൾ ആറ് ഷെഡ്യൂൾ ഓടി നേടിയത് 5717 രൂപ മാത്രം. ആദ്യ രണ്ടു ദിവസങ്ങളിൽ നെടുങ്കണ്ടം കട്ടപ്പന റൂട്ടിൽ ചെയിൻ സർവീസ് മാത്രമാണ് നടത്തിയത്. വിവധ സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥർ കയറുന്ന ആദ്യ അവസാന രണ്ട് ട്രിപ്പുകൾ മാത്രമാണ് അല്പമെങ്കിലും വരുമാനം കെഎസ്ആർടിസിക്ക് നേടി കൊടുക്കുന്നത്. നെടുങ്കണ്ടം ഡിപ്പോയിൽ നിന്ന് നിലവിലുണ്ടായിരുന്ന കട്ടപ്പന ചെയിൻ സർവീസിന് പുറമേ അടിമാലി, കുയിലിമല, രാജക്കാട് എന്നിവിടങ്ങളിലേക്ക് പുതുതായി മൂന്ന് സർവീസുകൾ കൂടി ആരംഭിച്ചു. ആദ്യ ദിനത്തെ അപേക്ഷിച്ച് വരും ദിവസങ്ങളിൽ വരുമാനം വർദ്ധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കുമളി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ഇന്നു ഏഴ് ഷെഡ്യൂൾ സർവ്വീസ് നടത്തും.
മുണ്ടക്കയം റൂട്ടിലോടുന്ന ബസുകൾ 35ാം മൈലിൽ സർവ്വീസ് അവസാനിപ്പിക്കും. ആദ്യ ദിനത്തിൽ യാത്രക്കാരുടെ കുറവ് സർവ്വീസിനെ സാരമായി ബാധിച്ചു. ഏഴ് ഷെഡ്യൂളിൽ കൂടി ആകെ 11620 രൂപ മാത്രമാണ് കുമളി ഡിപ്പോയ്ക്ക് ലഭിച്ചത്. ആകെ 402 യാത്രികർ മാത്രമാണ് ബസിൽ യാത്ര ചെയ്തത്. ഒരു സർവീസ് മാത്രം നഷ്ടമില്ലാതെ ഓടണമെങ്കിൽ 8000 രൂപയെങ്കിലും ലഭിക്കേണ്ടിടത്ത് ശരാശരി 1660 രൂപ മാത്രമാണ് ലഭിച്ചത്. മുണ്ടക്കയം റൂട്ടിൽ പുല്ലുപാറയിൽ റോഡ് നിർമ്മാണം നടക്കുന്നതിനാൽ രാവിലെ 10 മുതൽ 3 മണി വരെ വാഹന നിയന്ത്രണം ഉണ്ട്. ആദ്യദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനത്തിൽ യാത്രികരുടെ എണ്ണം വർദ്ധിച്ച് വരുമാനം മെച്ചപ്പെട്ടു.

കട്ടപ്പന ഡിപ്പോയിൽ നിന്നും ഇന്നു 11 ബസുകൾ സർവ്വീസ് നടത്തും.ആദ്യ ദിനത്തിൽ ആകെ 28854 രൂപയാണ് കട്ടപ്പന ഡിപ്പോയ്ക്ക് വരുമാനം ലഭിച്ചത്. ആകെ 797 യാത്രികരാണ് ബസിൽ സഞ്ചരിച്ചത്. രണ്ടാം ദിനത്തിൽ യാത്രികരുടെ കുറവ് കാരണം ഇട സമയത്തെ 2 സർവ്വീസ് ഒഴിവാക്കി 9 ബസുകളാണ് സർവ്വീസ് നടത്തിയത്. ആദ്യദിനത്തെ അപേക്ഷിച്ച് രണ്ടാം ദിനത്തിൽ വരുമാന നില മെച്ചപ്പെട്ടിട്ടുണ്ട്. യാത്രക്കാർ കുറവുള്ള 11 മുതൽ 3 മണി വരെയുള്ള സമയത്ത് ദീർഘദൂര സർവീസ് അത്യാവശ്യമെങ്കിൽ മാത്രം നടത്താനാണ് തീരുമാനമെന്നും ഡിപ്പോ അധികൃതർ അറിയിച്ചു.

40 സർവീസുമായി സ്വകാര്യ ബസ്

സ്വകാര്യ ബസുകൾ ജില്ലയിൽ ഇന്നലെ 40 സർവീസുകളാണ് നടത്തിയത്.ചെറുതോണി-കട്ടപ്പന, വണ്ണപ്പുറം- ചേലച്ചുവട്,മൂലമറ്റം, കരിങ്കുന്നം,പൂമാല ഉടുമ്പന്നൂർ,വണ്ണപ്പുറം ആനക്കയം, എന്നീ റൂട്ടുകളിലാണ് പ്രധാനമായും സർവീസ് നടത്തിയത്.മുവാറ്റുപുഴ റൂട്ടിൽ ജില്ലാ അതിർത്തിയായ അച്ഛൻ കവല വരെയും സർവീസ് നടത്തി.എന്നാൽ മണക്കാട് -കൂത്താട്ടുകുളം റൂട്ടിൽ യാത്രക്കാർ ഇല്ലാത്തതിനെ തുടർന്ന് രണ്ട് ദിവസവും സർവീസ് നടത്തിയില്ല.